'ടീം ഇന്ത്യയുടെ ഏറ്റവും ചർച്ചയായ ബാറ്റിംഗ് നമ്പറാണ നാലാമന്‍റേത്. ശ്രേയസ് അയ്യർ ടീമിന് ഏറെ പ്രധാനപ്പെട്ട താരമാണ്'
ചെന്നൈ: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിലെ ഏറ്റവും നിർണായകമായ ബാറ്റിംഗ് പൊസിഷനാണ് നാലാം നമ്പർ. ഏഷ്യാ കപ്പും ഏകദിന ക്രിക്കറ്റ് ലോകകപ്പും വരാനിരിക്കേ നാലാം നമ്പറിനെ ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്ന് നാലാം നമ്പറിന് ഉചിതനായ താരത്തെ കണ്ടെത്താന്‍ കഴിയാതെ പോയതാണ് എന്ന വിമർശനം ശക്തമാണ്. അതിനാല്‍ ഈ ലോകകപ്പിന് മുമ്പും നാലാം നമ്പറിനെ ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്. ഇതിനെ കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍.
'ടീം ഇന്ത്യയുടെ ഏറ്റവും ചർച്ചയായ ബാറ്റിംഗ് നമ്പറാണ നാലാമന്‍റേത്. ശ്രേയസ് അയ്യർ ടീമിന് ഏറെ പ്രധാനപ്പെട്ട താരമാണ്. നാലാം നമ്പറില്‍ സ്ഥിരതയോടെയും സ്പിന്നർമാർക്കെതിരെ മികച്ച രീതിയിലും കളിക്കുന്ന താരമാണ് അയാള്‍. നാലാം നമ്പറില്‍ കളിച്ചപ്പോഴൊക്കെ ഇന്ത്യന്‍ വിജയത്തില്‍ നിർണായകമാകാന്‍ ശ്രേയസിനായിരുന്നു. ഏഷ്യാ കപ്പ് കളിക്കാന്‍ അദേഹം ആരോഗ്യവാനാണ്. അതിനാല്‍ തന്നെ നാലാം നമ്പറില്‍ ആര് കളിക്കണം എന്ന കാര്യത്തില്‍ തർക്കമില്ല' എന്നും ആർ അശ്വിന്‍ പറഞ്ഞു. പരിക്ക് കാരണം ബോർഡർ- ഗവാസ്കർ ട്രോഫിക്ക് ശേഷം ശ്രേയസ് അയ്യർ ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. അയ്യരുടെ അഭാവത്തില്‍ നാലാം നമ്പറില്‍ പരീക്ഷിച്ച സൂര്യകുമാർ യാദവ് ദയനീയ പരാജയമായിരുന്നു. ട്വന്‍റി 20 ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്ററായിട്ടും ഏകദിനത്തില്‍ ഇതുവരെ ശോഭിക്കാനാവാത്ത താരം 50 ഓവർ ഫോർമാറ്റില്‍ ഹാട്രിക് ഡക്കുകളുമായി നാണംകെട്ടിരുന്നു.
ഇന്ത്യന് ടീമിലെ മറ്റ് ബാറ്റിംഗ് സ്ഥാനങ്ങളെ കുറിച്ചും അശ്വിന് ചിലത് പറയാനുണ്ട്. 'രോഹിത് ശർമ്മയ്ക്കൊപ്പം ശുഭ്മാന്‍ ഗില്ലായിരിക്കും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വിരാട് കോലി മൂന്നാമതും കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യണം' എന്നും അശ്വിന്‍ ആവശ്യപ്പെട്ടു. കോലി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറെടുക്കണമെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോലി മൂന്നാമനായും ശ്രേയസ് നാലാം നമ്പറിലും കളിക്കട്ടേയെന്നാണ് അശ്വിന്‍റെ നിലപാട്. പരിക്കിന് ശേഷം അയർലന്‍ഡിന് എതിരായ ടി20 പരമ്പരയിലൂടെ പേസർമാരായ ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും മികച്ച രീതിയില്‍ തിരിച്ചെത്തിയത് ടീമിനെ കരുത്തരാക്കുന്ന ഘടകമാണ് എന്നും രവിചന്ദ്രന്‍ അശ്വിന്‍ കൂട്ടിച്ചേർത്തു.
Read more: 'ഇങ്ങനെ കൊല്ലല്ലേ, ആളുകള്‍ ജാഗ്രത കാണിക്കണം'; വ്യാജ മരണവാർത്തയില്‍ ആഞ്ഞടിച്ച് ഹീത്ത് സ്ട്രീക്ക്
