ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടാൻ താൽപര്യം അറിയിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെ ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ ടീം നായകനായ ധ്രുവ് ജുറെലിനെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ്.
ജയ്പൂര്‍: ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ടീം വിടാന്‍ താല്‍പര്യം അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ ടീം നായകനായി തെരഞ്ഞെടുക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഇന്ത്-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിച്ച ജുറെലിനെ 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ ടീമിന്‍റെ ക്യാപ്റ്റനായി ഇന്നലെയാണ് പ്രഖ്യാപിച്ചത്.
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് കൂടുമാറാന്‍ താല്‍പര്യം അറിയിച്ചുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകം ധ്രുവ് ജുറെലിനെ അഭിനന്ദിച്ചുള്ള രാജസ്ഥാന്‍റെ അഭിനന്ദന പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. വിക്കറ്റിന് പിന്നില്‍ നിന്ന് കളി മാറ്റി മറിക്കാൻ കഴിവുള്ള താരമെന്നാണ് രാജസ്ഥാന്‍ ധ്രുവ് ജുറെലിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
സഞ്ജു ടീം വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് രാജസ്ഥാന്‍ റോയല്‍സ് ടീം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സീസണ് മുമ്പ് 18 കോടി രൂപക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്. രാജസ്ഥാനൊപ്പം രണ്ട് വര്‍ഷ കരാര്‍ കൂടി ബാക്കിയുള്ള സഞ്ജുവിനെ ട്രേഡിലൂടെ സ്വന്തമാക്കാനാണ് ചെന്നൈ ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സഞ്ജുവിന് പകരം രാജസ്ഥാന്‍ ചെന്നൈയുടെ രണ്ട് താരങ്ങളെ പകരം കൈമാറണമെന്ന നിബന്ധന മുന്നോട്ടുവെച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം.
ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ സ്‌ക്വാഡ്: ധ്രുവ് ജുറൽ (ക്യാപ്റ്റൻ), രജത് പാട്ടീദാർ (വൈസ് ക്യാപ്റ്റൻ), ആര്യൻ ജുയൽ, ദനേഷ് മലേവാർ, സഞ്ജീത് ദേശായി, കുൽദീപ് യാദവ്, ആദിത്യ താക്രെ, ദീപക് ചാഹർ, സരൻഷ് ജെയിൻ, ആയുഷ് പാണ്ഡെ,ശുഭം ശർമ്മ, യഷ് റാത്തോഡ്, ഹര്‍ഷ് ദുബെ, മാനവ് സുതാര്‍, ഖലീല്‍ അഹമ്മദ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മാധവ് കൗശിക്, യാഷ് താക്കൂർ, യുവരാജ് ചൗധരി, മഹിപാൽ ലോംറോർ, കുൽദീപ് സെൻ ഉപേന്ദ്ര യാദവ്.


