സിഡ്‌നി: ഓസീസിനെതിരെ മൂന്നാം ടെസ്റ്റ് തുടങ്ങാനിരിക്കെ ചരിത്രനേട്ടത്തിന് അരികിലാണ് ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. ടീം ക്യാപ്റ്റനായ രഹാനെയ്ക്ക് ഒരിക്കല്‍കൂടി ടീമിനെ വിജയത്തിലെത്തിക്കാനായാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്കൊപ്പമെത്താന്‍ സാധിക്കും. ക്യാപറ്റനായ ശേഷം ആദ്യ നാല് ടെസ്റ്റിലും വിജയമെന്ന റെക്കോഡാണ് രഹാനെയെ കാത്തിരിക്കുന്നത്. 

2008ലായിരുന്നു മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയില്‍ നിന്നും ധോണി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമേറ്റെടുക്കുന്നത്. കുംബ്ലെയ്ക്ക് പരിക്കേറ്റപ്പോഴാണ് ധോണി സ്ഥാനമേറ്റെടുക്കുന്നത്. പിന്നാലെ കുംബ്ലെ വിരമിച്ചു. നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഓസ്‌ട്രേലിയ ഇന്ത്യയിലെത്തിയ സമയമായിരുന്നത്. നാഗ്പൂരില്‍ നടന്ന നാലാം ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനാകുന്നത്. ഡിസംബറില്‍ ഇംഗ്ലണ്ടിലെത്തിയപ്പോഴായിരുന്നു അടുത്ത രണ്ട് ജയങ്ങള്‍. പിന്നാലെ 2009ല്‍ ന്യൂസിലന്‍ഡ് പര്യടനത്തിന് പോയ ധോണിയുടെ സംഘം ആദ്യ ടെസ്റ്റ് ജയിച്ചു. അടുത്ത രണ്ട് ടെസ്റ്റുകളും സമനിലയില്‍ അവസാനിക്കുകയായിരുന്നു.

2017ല്‍ ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോഴാണ് രഹാനെ ക്യാപ്റ്റനാകുന്നത്. 2018ല്‍ അഫ്ഗാനിസ്ഥാനെതിരേയും രഹാനെ ഇന്ത്യയെ നയിച്ചു. പിന്നാലെ വിരാട് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റിലും ഇന്ത്യ രഹാനെയുടെ കീഴിലിറങ്ങി. ബാറ്റ്‌സ്മാനെന്ന നിലയിലും രഹാനെ ഓസീസിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ 1000 റണ്‍സെന്ന നേട്ടത്തിനരികലാണ് രഹാനെ. രണ്ട് ടെസ്റ്റുകളില്‍ 203 റണ്‍സാണ രഹാനെയ്ക്ക് വേണ്ടത്. 

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (1809), വിരാട് കോലി (1352) വിവിഎസ് ലക്ഷ്മണ്‍ (1236), രാഹുല്‍ ദ്രാവിഡ് (1143) എന്നിവരാണ് ഓസ്‌ട്രേലിയയില്‍ 1000 കടന്ന മറ്റു ഇന്ത്യന്‍ താരങ്ങള്‍.