Asianet News MalayalamAsianet News Malayalam

ഗുജറാത്തിലെ തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് ദീപാവലി സമ്മാനവുമായി അഫ്ഗാന്‍ താരം; കൈയടിച്ച് ആരാധകര്‍

ഗ്രൗണ്ടിലെയും പുറത്തെയും പെരുമാറ്റം കൊണ്ട് ഇന്ത്യന്‍ ആരാധകരുടെ കണ്ണിലുണ്ണികളായി മാറിയ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തികളിലൂടെയും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്.

Rahmanullah Gurbaz silently gave money to the needy people of Ahmedabad
Author
First Published Nov 12, 2023, 10:54 AM IST

അഹമ്മദാബാദ്: ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തായെ പുറത്തായെങ്കിലും തലയെടുപ്പോടെ തന്നെയാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും പിന്തള്ളി നാലു വിജയങ്ങളും എട്ടു പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനം സ്വന്തമാക്കിയ അഫ്ഗാന്‍ നെറ്റ് റണ്‍ റേറ്റില്‍ മാത്രമാണ് പാകിസ്ഥാന് പിന്നിലായിപ്പോയത്.

ഗ്രൗണ്ടിലെയും പുറത്തെയും പെരുമാറ്റം കൊണ്ട് ഇന്ത്യന്‍ ആരാധകരുടെ കണ്ണിലുണ്ണികളായി മാറിയ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തികളിലൂടെയും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി എത്തിയ അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് ഇപ്പോള്‍ ആരാധകരുടെ കൈയടി നേടുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗുര്‍ബാസ് ദീപാവലി സമ്മാനവുമായി തെരുവിലിറങ്ങിയത്.

ലോകകപ്പിലെ എക്കാലത്തെയും വലിയ നാണക്കേട്, പിന്നാലെ ടീമീലെ പടലപ്പിണക്കവും, ബാബറിന്‍റെ ക്യാപ്റ്റൻ സ്ഥാനം തുലാസിൽ

കാറില്‍ വന്നിറങ്ങിയ ഗുര്‍ബാസ് തെരുവില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം ദീപാവലി ആഘോഷിക്കാന്‍ സമ്മാനമായി നല്‍കി. കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുത്ത് പണം വെച്ച് ഗുര്‍ബാസ് അതിവേഗം കാറില്‍ കയറിപോകുകയും ചെയ്തു.

ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ച അഫ്ഗാന്‍ തോറ്റ മത്സരങ്ങളില്‍ പോലും മികച്ച പോരാട്ടവീര്യം പുറത്തെടുത്തിരുന്നു. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ അട്ടിമറിക്കുന്നതിന് തൊട്ടടുത്തെത്തി ചരിത്ര നേട്ടത്തിന് അരികിലെത്തിയെങ്കിലും ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ വണ്‍ മാന്‍ ഷോയിലാണ് അഫ്ഗാന് സെമി പ്രതീക്ഷകള്‍ നഷ്ടമായത്. മത്സരത്തില്‍ മാക്സ്‌വെല്‍ നല്‍കിയ ഒട്ടേറെ അവസരങ്ങള്‍ നഷ്ടമാക്കിയില്ലായിരുന്നെങ്കില്‍ അഫ്ഗാന് സെമിയിലെത്താമായിരുന്നു. എങ്കിലും ഈ ലോകകപ്പില്‍ തലയെടുപ്പുള്ള ടീമുകളുടെ തലയെടുത്ത അഫ്ഗാന്‍ തല ഉയര്‍ത്തി തന്നെയാകും നാട്ടിലേക്ക് മടങ്ങുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios