ഹര്‍ഷിത് റാണയെ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് പരിഹസിച്ചവരുണ്ട്. എന്നാല്‍ സ്വപ്നതുല്യമായ തിരിച്ചുവരവാണ് അവന്‍ ഈ പരമ്പരയില്‍ നടത്തിയത്.
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ 41 റണ്‍സിന് തോറ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ആകാശ് ചോപ്ര. ഹര്‍ഷിത് റാണയുടെ ബാറ്റിംഗ് മികവില്ലിയാരുന്നെങ്കില്‍ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ തോല്‍ക്കുകയും 0-3ന് തൂത്തുവാരപ്പെടുകയും ചെയ്യുമായിരുന്നുവെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഹര്‍ഷിത് റാണയെ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് പരിഹസിച്ചവരുണ്ട്. എന്നാല്‍ സ്വപ്നതുല്യമായ തിരിച്ചുവരവാണ് അവന്‍ ഈ പരമ്പരയില്‍ നടത്തിയത്. ആദ്യ ഏകദിനത്തില്‍ അവന്‍ നേടിയ 29 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഈ പരമ്പരയില്‍ 0-3ന് തോല്‍ക്കുമായിരുന്നു. ഇന്നലെ ഇന്‍ഡോറിലും അവന്‍ റണ്‍സടിച്ചു. അവിടെയും അവന്‍റെ സംഭാവന ഇല്ലായിരുന്നെങ്കില്‍ 80-100 റണ്‍സിന് മുകളിലുളള മാര്‍ജിനില്‍ നമ്മള്‍ കളി തോല്‍ക്കുമായിരുന്നു. കോലിയുടെ സെഞ്ചുറിക്കൊപ്പം അവനും നിതീഷ് കുമാര്‍ റെഡ്ഡിയും നേടിയ അര്‍ധസെഞ്ചുറികളാണ് ഇന്ത്യയുടെ മാന്യമായ തോല്‍വിയെങ്കിലും ഉറപ്പാക്കിയതെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 23 പന്തില്‍ 29 റണ്‍സടിച്ച് ഹര്‍ഷിത് റാണ പുറത്തായിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കേറ്റിട്ടും ബാറ്റിംഗിനിറങ്ങിയതിനാലാണ് പിന്നീട് ഇന്ത്യ ആറ് വിക്കറ്റ് ജയം നേടിയത്. ഇല്ലായിരുന്നെങ്കില്‍ ആ മത്സരവും ഇന്ത്യ തോല്‍ക്കുമായിരുന്നുവെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ഇന്നലെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 43 പന്തില്‍ 52 റണ്‍സടിച്ച ഹര്‍ഷിത് റാണ നാലു ഫോറും നാലു സിക്സും പറത്തിയിരുന്നു. വിരാട് കോലിക്കൊപ്പം 69 പന്തില്‍ 99 റണ്‍സിന്‍റെ കൂട്ടുകെട്ടിനൊടുവില്‍ 44-ാം ഓവറില്‍ ടീം സ്കോര്‍ 277 റണ്‍സില്‍ നില്‍ക്കെ സാക്റി ഫോക്സിന്‍റെ പന്തില്‍ ഹര്‍ഷിത് പുറത്തായതോടെ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ടായി 41 റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു.


