ലോകകപ്പിലെ എക്കാലത്തെയും വലിയ നാണക്കേട്, പിന്നാലെ ടീമീലെ പടലപ്പിണക്കവും, ബാബറിന്‍റെ ക്യാപ്റ്റൻ സ്ഥാനം തുലാസിൽ
ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരെന്ന തലയെടുപ്പിലായിരുന്നു ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയിൽ വിമാനം ഇറങ്ങിയത്. സന്നാഹ മത്സരങ്ങളിൽ തോറ്റപ്പോള്‍ തന്നെ ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എളുപ്പമല്ലെന്ന് പാകിസ്ഥാന് ബോധ്യമായി.

കൊല്‍ക്കത്ത: കഴിഞ്ഞ ആറ് ലോകകപ്പുകളില്‍ അഞ്ചിലും സെമി കാണാതെ പുറത്തായ ടീമാണ് പാകിസ്ഥാന്‍. എന്നാൽ ഒരു ലോകകപ്പില്‍ തന്നെ പാകിസ്ഥാന്‍ അഞ്ച് മത്സരങ്ങളില്‍ തോൽക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. പവര്‍ഹിറ്റര്‍മാരുടെ അഭാവവും , ബൗളിംഗ് നിരയുടെ പരാജയവും, നായകന്‍ ബാബര്‍ അസമിന്‍റെ വീഴ്ചകളും ക്യാപ്റ്റന്‍സി ആഗ്രഹിക്കുന്ന താരങ്ങള്‍ തമ്മിലള്ള പടലപിണക്കങ്ങളും ഈ ലോകകപ്പില്‍ പാക് പതനത്തിന് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍.
ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരെന്ന തലയെടുപ്പിലായിരുന്നു ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയിൽ വിമാനം ഇറങ്ങിയത്. സന്നാഹ മത്സരങ്ങളിൽ തോറ്റപ്പോള്‍ തന്നെ ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എളുപ്പമല്ലെന്ന് പാകിസ്ഥാന് ബോധ്യമായി. നായകന്‍ ബാബര്‍ അസമിന്‍റെ തലയെടുക്കാൻ തക്കം പാത്തിരുന്നവര്‍ക്ക് ഇന്ത്യക്കെതിരായ ബാറ്റിംഗ് തകര്‍ച്ച അവസരമാകുകയും ചെയ്തു.
പാകിസ്ഥാന് സൂപ്പര്‍ ലീഗിനിടെ ബാബറുമായി ഇടഞ്ഞ ചില താരങ്ങളെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കാൻ നടത്തിയ നീക്കങ്ങളും ഇതിനൊപ്പം ചോദ്യം ചെയ്യപ്പെട്ടു. ഐസിസി റാങ്കിംഗിലെ ഒന്നാം നമ്പര്‍ സ്ഥാനത്തിന് ബാബര്‍ നൽകിയ അമിത പ്രാധാന്യം റണ്ണൊഴുക്കിന് തടസമായെന്ന വിലയിരുത്തലും വന്നു കഴിഞ്ഞു. പാകിസ്ഥാന്‍റെ സെമി സാധ്യത അവസാനിക്കും മുന്‍പേ നായകന് മുന്നറിയിപ്പുമായി വാര്‍ത്താക്കുറിപ്പിറക്കിയ പാക് ക്രിക്കറ്റ് ബോര്‍ഡിനും തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.
എന്നാൽ ഈ ലോകകപ്പില്‍ പാകിസ്ഥാനെ യഥാര്‍ത്ഥത്തിൽ തളര്‍ത്തിയത് ബൗളിംഗ് നിരയുടെ പരാജയമാണ്. പവര്‍പ്ലേയിൽ എതിരാളികള്‍ക്ക് പേടിസ്വപ്നമായിരുന്ന പേസര്‍മാര്‍ നിറം മങ്ങിയത് ബാബര്‍ അസമിനെ ദുര്‍ബലനാക്കി. ഷഹീന്‍ ഷാ അഫ്രീദിയുടെ പേരില്‍ 18 വിക്കറ്റുണ്ടെങ്കിലും പവര്‍പ്ലേയിൽ പുറത്താക്കിയത് മൂന്ന് പേരെ മാത്രമാണ്. ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും ന്യുസീലന്‍ഡിന്‍റെയും സ്പിന്നര്‍മാര്‍ മധ്യഓവറുകളില്‍ എതിരാളികളെ കറക്കിവീഴ്ത്തിയപ്പോൾ പാകിസ്ഥാൻ നായകന് അത്തരമൊരു ആയുധം ലഭിച്ചില്ല. വിക്കറ്റു വേട്ടക്കാരിലെ ആദ്യ 50 പേരിൽ പോലും ഒരു പാക് സ്പിന്നര്‍ ഇല്ല. ഇന്ത്യ വേദിയായ ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിയിലെത്താത്തതിൽ അത്ഭുതം വേണ്ട.
2024നവംബറിലാണ് പാകിസ്ഥാന്‍ ഇനിയൊരു ഏകദിന പരമ്പര കളിക്കുന്നത്. പ്രധാന ടൂര്‍ണമെന്‍റുകള്‍ക്ക് ഒരുങ്ങുന്നതിൽ പാക് ക്രിക്കറ്റ് ബോര്‍ഡിനുള്ള ഇത്തരം അലസത തന്നെയാണ് താരങ്ങള്‍ കളിക്കളത്തിലും പ്രകടിപ്പിക്കുന്നത്. നായകപദവി മോഹിക്കുന്ന നാല് താരങ്ങള്‍ എങ്കിലും പാക് ടീമിലുള്ളതിനാൽ ക്യാപ്റ്റന്‍ സ്ഥാനത്ത് ബാബറിന്‍റെ ഭാവിയും സുരക്ഷിതമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക