ആദ്യം നേപ്പാളിനും പാകിസ്ഥാനും എതിരെ ഗ്രൂപ്പ് മത്സരം ജയിക്കുന്നതിലാണ് ശ്രദ്ധ എന്നും അതിന് ശേഷമേ ഫൈനലിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്നുമാണ് വന്‍മതില്‍ പറയുന്നത്

ട്രിനിഡാഡ്: ഏഷ്യാ കപ്പ് 2023ന്‍റെ മത്സരക്രമം പുറത്തുവന്നതും ആരാധകര്‍ ആവേശത്തിലാണ്. ഫൈനലില്‍ പ്രവേശിച്ചാല്‍ മൂന്ന് ഇന്ത്യ-പാക് പോരാട്ടങ്ങളാണ് ടൂര്‍ണമെന്‍റിലുണ്ടാവുക എന്നതാണ് ഇതിന് കാരണം. ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടത്തിലേക്ക് ആരാധകരുടെ കണ്ണുകള്‍ നീളുമ്പോള്‍ ഇന്ത്യന്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ ചിന്തകള്‍ മറ്റൊരു രീതിയിലാണ്. ആദ്യം നേപ്പാളിനും പാകിസ്ഥാനും എതിരെ ഗ്രൂപ്പ് മത്സരം ജയിക്കുന്നതിലാണ് ശ്രദ്ധ എന്നും അതിന് ശേഷമേ ഫൈനലിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്നുമാണ് വന്‍മതില്‍ പറയുന്നത്. 

'ഒരുസമയം ഒരു മത്സരത്തെ കുറിച്ചേ ചിന്തിക്കുന്നുള്ളൂ. ഏഷ്യാ കപ്പിന്‍റെ ഷെഡ്യൂള്‍ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനെതിരെ മൂന്ന് മത്സരം കളിക്കണമെങ്കില്‍ ആദ്യം സൂപ്പര്‍ ഫോര്‍ കളിക്കണം. ഏറെ കാര്യങ്ങള്‍ ഒരേസമയം ചിന്തിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു സമയം ഒരു മത്സരം മാത്രം മതിയെനിക്ക്. ആദ്യ രണ്ട് മത്സരങ്ങളില്‍ നേപ്പാളിനും പാകിസ്ഥാനും എതിരെ കളിക്കണം. അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മികച്ച ക്രിക്കറ്റ് കളിക്കണം. ആദ്യ രണ്ട് കളികളും ജയിച്ച് ടൂര്‍ണമെന്‍റില്‍ മുന്നോട്ട് കുതിക്കണം. മൂന്ന് വട്ടം പാകിസ്ഥാനെതിരെ കളിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമായിരിക്കും. പാകിസ്ഥാനും നമ്മളും ഫൈനലില്‍ എത്തിയാലേ ഇത് സാധ്യമാകൂ. അതിനായി ശ്രമിക്കും. എന്നാല്‍ അതിലേക്ക് എത്താന്‍ ആദ്യ രണ്ട് കടമ്പകളും(ഗ്രൂപ്പ് ഘട്ടം, സൂപ്പര്‍ 4) കടക്കേണ്ടതുണ്ട്' എന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. 

ഏഷ്യാ കപ്പില്‍ ഇന്ത്യയും നേപ്പാളും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. സെപ്റ്റംബർ രണ്ടിന് കാന്‍ഡിയില്‍ വച്ചാണ് ടൂർണമെന്‍റിലെ ആദ്യ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. സൂപ്പ‍ര്‍ ഫോറിലെത്തിയാല്‍ സെപ്റ്റംബ‍ര്‍ 10ന് കൊളംബോയില്‍ ഇരു ടീമുകളും വീണ്ടും മുഖാമുഖം വരും. പാകിസ്ഥാനും ഇന്ത്യയും ഫൈനലില്‍ പ്രവേശിച്ചാല്‍ 17-ാം തിയതിയും അയല്‍ക്കാരുടെ സൂപ്പ‍ര്‍ പോരാട്ടം പ്രതീക്ഷിക്കാം. ഈ മത്സരത്തിന്‍റെ വേദിയും കൊളംബോയാണ്. 

Read more: നാടകങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് വേദികളും തിയതികളും പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം