ഇപ്പോള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ്. ബാസ്ബാളിനെ പ്രതിരോധിക്കേണ്ടിരിക്കുന്നുവെന്ന് ദ്രാവിഡ് വ്യക്തമാക്കി.

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. ഹൈദരാബാദ്, രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 28 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നാലാംദിനം മത്സരം അവസാനിച്ചു. ഏഴ് വിക്കറ്റ് നേടിയ ടോം ഹാര്‍ട്‌ലിയാണ് ഇന്ത്യയെ തകര്‍ത്തത്. തോല്‍വിയോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചിരുന്നു. ഇന്ത്യക്ക് ഏറെ പിഴവുകള്‍ സംഭവിച്ചു എന്ന് രോഹിത് തുറന്ന് സമ്മതിക്കുകയും ചെയ്തു.

ഇപ്പോള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ്. ബാസ്ബാളിനെ പ്രതിരോധിക്കേണ്ടിരിക്കുന്നുവെന്ന് ദ്രാവിഡ് വ്യക്തമാക്കി. ദ്രാവിഡിന്റെ വാക്കുകളിങ്ങനെ... ''ബാസ്ബാളിനെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു. തിരിച്ചടി നല്‍കേണ്ടത് പ്രധാനമാണ്. അടുത്ത ടെസ്റ്റിന് പദ്ധതികളും തന്ത്രങ്ങളിലും മാറ്റം വരുത്തേണ്ടിവരും. ടീമില്‍ ഒരാള്‍ക്ക് പോലും സെഞ്ചുറി നേടാന്‍ സാധിച്ചില്ല. അത്തരത്തില്‍ ഒരു ശ്രമം ഉണ്ടാവണമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 70-80 റണ്‍സ് കുറവായിരുന്നു. അതും ബാറ്റ് ചെയ്യാന്‍ സുഖകരമായുള്ള പിച്ചില്‍.'' ദ്രാവിഡ് മത്സരശേഷം വ്യക്തമാക്കി.

ടീം എന്ന രീതിയില്‍ പരാജയപ്പെട്ടെന്ന് രോഹിത് തുറന്ന് സമ്മതിച്ചു. രോഹിത് വിശദീകരിച്ചതിങ്ങനെ... ''ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് നാല് ദിവസം പൂര്‍ത്തിയാക്കി. എവിടെയാണ് ടീമിന് തെറ്റുപറ്റിയത് എന്ന് ചൂണ്ടിക്കാട്ടുക പ്രയാസമാണ്. ആദ്യ ഇന്നിംഗ്‌സില്‍ 190 റണ്‍സ് ലീഡ് നേടിയപ്പോള്‍ ഇന്ത്യന്‍ ടീം മേല്‍ക്കൈ സ്വന്തമാക്കി എന്നാണ് ഞങ്ങള്‍ കരുതിയത്. ഓലീ പോപിന്റെ ഗംഭീര സെഞ്ചുറി ഇന്ത്യയില്‍ ഒരു വിദേശ താരത്തിന്റെ ഞാന്‍ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ്. ഓലീ പോപ് നന്നായി കളിച്ചു. ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞിട്ടും തകര്‍പ്പന്‍ ഇന്നിംഗ്‌സ് കളിക്കുകയായിരുന്നു അദേഹം. അവസാന ഇന്നിംഗ്‌സിലെ 230 റണ്‍സ് വിജയലക്ഷ്യം എത്തിപ്പിടിക്കാനാകും എന്നാണ് കരുതിയത്. എന്നാല്‍ ആ വിജയലക്ഷ്യത്തിലേക്ക് എത്താന്‍ ഞങ്ങള്‍ക്ക് നല്ല രീതിയില്‍ ബാറ്റ് ചെയ്യാനായില്ല. ടീം എന്ന രീതിയില്‍ ഞങ്ങള്‍ പരാജയപ്പെട്ടു.'' രോഹിത് സമ്മതിച്ചു.

മുംബൈ ഇന്ത്യന്‍സിന് ഇനി വീര്യമേറും, ആശ്വാസം ടീം ഇന്ത്യക്കും! പരിശീലന വീഡിയോ പുറത്തുവിട്ട് ഹാര്‍ദിക് പാണ്ഡ്യ