Asianet News MalayalamAsianet News Malayalam

ഇത് സുവർണാവസരം; ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് ദ്രാവിഡ്

ഇം​ഗ്ലണ്ടിന്റെ പേസാക്രമണത്തെക്കുറിച്ച് സംശയങ്ങളൊന്നുമില്ലെങ്കിലും ഇം​ഗ്ലണ്ടിന്റെ ബാറ്റിം​ഗ് നിര അത്ര ശക്തമല്ലെന്ന് ദ്രാവിഡ് ക്രിക്ക് ഇൻഫോയുടെ വെബിനാറിൽ പറഞ്ഞു. മികച്ച പേസ് ബൗളർമാരുടെ നിര തന്നെ ഇം​ഗ്ലണ്ടിലുണ്ട്. അവർ ഇന്ത്യൻ ബാറ്റിം​ഗ് നിരയെ പരീക്ഷിക്കുമെന്നും ഉറപ്പാണ്.

Rahul Dravid predicts India-England Test Series results
Author
Bangalore, First Published May 10, 2021, 5:26 PM IST

ബാം​ഗ്ലൂർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുശേഷം ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇന്ത്യയിലെത്തിയ ഇം​ഗ്ലണ്ടിനെ സ്പിൻ കുഴിയിൽ വീഴ്ത്തി പരമ്പര നേടിയെന്ന ആക്ഷേപം മറികടക്കാൻ ഇം​ഗ്ലണ്ടിലും ആധികാരിക ജയം ലക്ഷ്യമാക്കിയാണ് ഇന്ത്യ ഇറങ്ങുക. ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള 20 അം​ഗ ടീമിനെ സെലക്ടർമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.

ഇത്തവണ ഇം​ഗ്ലണ്ടിൽ പരമ്പര നേടാനുള്ള സുവർണാവസരമാണ് ഇന്ത്യക്കെന്ന് തുറന്നു പറയുകയാണ് മുൻ നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനുമായ രാഹുൽ ദ്രാവിഡ്. 2007ൽ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഇം​ഗ്ലണ്ടിൽ പരമ്പര നേടിയത്. ഇത്തവണ ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-2ന് ജയിക്കുമെന്നാണ് ദ്രാവിഡിന്റെ പ്രവചനം.

ഇം​ഗ്ലണ്ടിന്റെ പേസാക്രമണത്തെക്കുറിച്ച് സംശയങ്ങളൊന്നുമില്ലെങ്കിലും ഇം​ഗ്ലണ്ടിന്റെ ബാറ്റിം​ഗ് നിര അത്ര ശക്തമല്ലെന്ന് ദ്രാവിഡ് ക്രിക്ക് ഇൻഫോയുടെ വെബിനാറിൽ പറഞ്ഞു. മികച്ച പേസ് ബൗളർമാരുടെ നിര തന്നെ ഇം​ഗ്ലണ്ടിലുണ്ട്. അവർ ഇന്ത്യൻ ബാറ്റിം​ഗ് നിരയെ പരീക്ഷിക്കുമെന്നും ഉറപ്പാണ്. പക്ഷെ ഇം​ഗ്ലണ്ട് ബാറ്റിം​ഗ് നിരയിലെ ആദ്യ ആറോ ഏഴോ പേരെ എടുത്താൽ ലോകോത്തര നിലവാരമുള്ള ഒരേയൊരു ബാറ്റ്സ്മാൻ മാത്രമെ അവർക്കുള്ളു. അത് ജോ റൂട്ടാണ്.

പരമ്പരയിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനും ഇം​ഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും തമ്മിലുള്ള പോരാട്ടം ആവശേകരമാകുമെന്നും ദ്രാവിഡ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗമ്ടർമാരിലൊരാളാണെങ്കിലും സ്റ്റോക്സിനെതിരെ അശ്വിന് മികച്ച റെക്കോർഡ് ഉണ്ടെന്നും ദ്രാവിഡ് ഓർമിപ്പിച്ചു. ഓസ്ട്രേലിയയിലെ പരമ്പര വിജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇം​ഗ്ലണ്ടിൽ ഇത്തവണ ഇന്ത്യ പരമ്പര നേടുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ദ്രാവിഡ് പറഞ്ഞു.

ഓ​ഗസ്റ്റ് നാലു മുതൽ ആറ് വരെ നോട്ടിം​ഗ്ഹാമിലാണ് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 12-16വരെ ലോർഡ്സിൽ രണ്ടാം ടെസ്റ്റും 25-29 ലീഡ്സിൽ മൂന്നാം ടെസ്റ്റും സെപ്റ്റംബർ 2 -6 ഓവലിൽ നാലാം ടെസ്റ്റും 10-14 മാഞ്ചസ്റ്ററിൽ അഞ്ചാം ടെസ്റ്റും നടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios