മുംബൈ: ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുമില്ലാതെ ജൂലൈയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലേക്ക് നടത്തുന്ന പര്യടനത്തിൽ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുൽ ദ്രാവിഡ് എത്തിയേക്കുമെന്ന് റിപ്പോർട്ട്. പരിശീലകനായ രവി ശാസ്ത്രി ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനൊപ്പം ആയിരിക്കുമെന്നതിനാലാണ് മുമ്പ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ പരിശീലകനായിട്ടുള്ള ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. ദ്രാവിഡ് പരിശീലകനായി എത്തുമ്പോൾ ടീമിലെ സീനിയർ താരമായ ശിഖർ ധവാനാവും ക്യാപ്റ്റനാവുക എന്നും സൂചനയുണ്ട്.

ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് പരമ്പരക്കായി ഇം​ഗ്ലണ്ടിലായിരിക്കുമെന്നതിനാൽ കോലിക്കും രോഹിത്തിനും പുറമെ റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖരും ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഉണ്ടാവില്ല.

ഏകദിന-ടി20 സ്പെഷലിസ്റ്റുകളായ .യുവതാരങ്ങളായിരിക്കും ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇന്ത്യക്കായി കളിക്കുക. ഈ സാഹചര്യത്തിലാണ് യുവനിരയെ വാർത്തെടുക്കുന്നതിൽ മികവ് കാട്ടിയിട്ടുള്ള ദ്രാവിഡിനെ പരിശീലകനായി പരി​ഗണിക്കുന്നത്. മുമ്പ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാവാൻ ക്ഷണം ലഭിച്ചപ്പോൾ നിരസിച്ച ദ്രാവിഡ് യൂത്ത് ടീമിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ദ്രാവിഡിന് പുറമെ  മുൻ മുംബൈ താരമായ പരസ് മാംബ്രെയുടെ പേരും പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയുടെ പരി​ഗണനയിലുണ്ട്.

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് പരമ്പരയിലെ എല്ലാ മത്സരങ്ങൾക്കും വേദിയാവുക. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ 20 അം​ഗ ടീമിനെയും നാല് റിസർവ് താരങ്ങളെയും സെലക്ടർമാർ പ്രഖ്യാപിച്ചെങ്കിലും ശ്രീലങ്കക്കെതിരായ ഏകദിന-ടി20 പരമ്പരകൾക്കുള്ള ടീമിനെ ഇതുവരെ സെലക്ടർമാർ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലിൽ തിളങ്ങിയ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർക്ക് ടീമിൽ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona