വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. വെല്ലിങ്ടണില്‍ മഴ കാരണം ഒന്നാം ദിനം നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ അഞ്ചിന് 122 എന്ന നിലയിലാണ്. നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (38), വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് (10) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്. മൂന്നാാം സെഷന്‍ തുടങ്ങാനിരിക്കെയാണ് മഴ പെയ്തത്. നേരത്തെ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

പൃഥ്വി ഷാ (16), മായങ്ക് അഗര്‍വാള്‍ (34), ചേതേശ്വര്‍ പൂജാര (11), വിരാട് കോലി (2), ഹനുമ വിഹാരി (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പ്രതീക്ഷിച്ചതുപോലെ ബേസിന്‍ ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ബുദ്ധിമുട്ടി. അഞ്ചാം ഓവറില്‍ തന്നെ പൃഥ്വിയെ ഇന്ത്യക്ക് നഷ്ടമായി ടിം സൗത്തിയുടെ പന്തില്‍ യുവതാരത്തിന്റെ വിക്കറ്റ് തെറിച്ചു. വിശ്വസ്ഥനായ പൂജാരയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ജാമിസണിന് ആദ്യ ടെസ്റ്റ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 

ഏകദിനത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച കോലി ടെസ്റ്റിലും നന്നായി തുടങ്ങാനായില്ല. ജാണിസണ്‍ തന്നെയാണ് കോലിയേയും അവസാനിപ്പിച്ചത്. സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. പിന്നീടെത്തിയ രഹാനെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അല്‍പമെങ്കിലും ആശ്വാസം പകര്‍ത്തത്. മായങ്കിനൊപ്പം 48 റണ്‍സാണ് രഹാനെ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മായങ്കിനെ മടക്കിയയച്ച് ട്രന്റ് ബോള്‍ട്ട് ന്യൂസിലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കി. സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ ഹനുമ വിഹാരിയും പരാജയമായി. ജാമിസണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിങ്ങിന് ക്യാച്ച്.

ജാമിസണിന് പുറമെ ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ മൂന്ന് പേസര്‍മാരെയും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ആര്‍ അശ്വിനാണ് ടീമിലെ സ്പിന്നര്‍. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ജസ്പ്രീത് ബൂമ്ര എന്നിവരാണ് പേസര്‍മാര്‍. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ടി20 പരമ്പരയില്‍ ഇന്ത്യയും ഏകദിനം ന്യൂസിലന്‍ഡും സ്വന്തമാക്കിയിരുന്നു.