2026ലെ മെഗാ താരലേലത്തിന് മുന്നോടിയായി ട്രേഡ് ചെയ്യുകയോ റിലീസ് ചെയ്യുകയോ ചെയ്യണമെന്ന് സഞ്ജു രാജസ്ഥാന്‍ റോയല്‍സിനോട് ആവശ്യപ്പെട്ടിരുന്നു.

ജയ്പൂര്‍: ഐപിഎല്ലില്‍ സഞ്ജു സാംസണെ കൈമാറണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രണ്ട് സൂപ്പര്‍ താരങ്ങളെ പകരം കൈമാറണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെയും ഓൾ റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും കൈമറിയാലെ സഞ്ജുവിനെ ട്രേഡിലൂടെ കൈമാറൂവെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധനയെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. 2026ലെ മെഗാ താരലേലത്തിന് മുന്നോടിയായി തന്നെ ട്രേഡ് ചെയ്യുകയോ റിലീസ് ചെയ്യുകയോ ചെയ്യണമെന്ന് സഞ്ജു രാജസ്ഥാന്‍ റോയല്‍സിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെ സഞ്ജുവിനെ സ്വന്തമാക്കാനായി രാജസ്ഥാനെ ബന്ധപ്പെട്ട ടീമുകളോട് സഞ്ജുവിനെ ട്രേഡിലൂടെ കൈമാറണമെങ്കില്‍ പകരം നല്‍കേണ്ട കളിക്കാരുടെ പേരുള്‍പ്പെടെ വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകളിലൊരാളായ സഞ്ജയ് ബദാലെ നിബന്ധന മുന്നോട്ടുവെച്ചത് എന്നാണ് റിപ്പോര്‍ട്ട്. റുതുരാജ് ഗെയ്ക്‌വാദിനും രവീന്ദ്ര ജഡേജക്കും പുറമെ ഓള്‍ റൗണ്ടര്‍ ശിവം ദുബെയിലും രാജസ്ഥാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ശിവം ദുബെ മുമ്പ് രാജസ്ഥാനുവേണ്ടി കളിച്ചിട്ടുള്ള താരമാണ്.

എന്നാല്‍ ജഡേജയെയും ക്യാപ്റ്റനായ റുതുരാജിനെയും കൈമാറിക്കൊണ്ട് സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ശ്രമിക്കില്ലെന്നാണ് സൂചന. രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തില്‍ 149 മത്സരങ്ങള്‍ കളിച്ച സഞ്ജു ടീമിന്‍റെ എക്കാലത്തെയും വലിയ ടോപ് സ്കോററാണ്. രാജസ്ഥാന്‍ കുപ്പായത്തില്‍ രണ്ട് സെഞ്ചുറിയും 23 അര്‍ധസെഞ്ചുറിയും അടക്കം 4027 റണ്‍സാണ് സഞ്ജു നേടിയത്. കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 18 കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

ടി20യില്‍ ഇന്ത്ക്കായി ഓപ്പണറായി ഇറങ്ങുന്ന സഞ്ജു രാജസ്ഥാനിലും ഓപ്പണറായാണ് കളിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റപ്പോള്‍ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷി തകര്‍ത്തടിച്ചതോടെ സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനം നഷ്ടമായേക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ സഞ്ജുവിന് പകരം കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായ റിയാന്‍ പരാഗിന്‍റെ സ്വാധീനവും സഞ്ജുവിന്‍റെ കൂടുമാറ്റത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. ചെന്നൈക്കൈയി 71 ഐപിഎല്‍ മത്സരങ്ങളില്‍ 2502 റണ്‍സടിച്ച റുതുരാജ് ഗെയ്ക്‌വാദിന് കഴിഞ്ഞ സസണില്‍ പരിക്കുമൂലം ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്നിരുന്നു. റുതുരാജിന് പകരം ധോണിയാണ് പിന്നീട് ചെന്നൈയെ നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക