2021ല്‍ വിരമിച്ച ശേഷം രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലന സംഘത്തില്‍ ചേരുകയായിരുന്നു ലസിത് മലിംഗ

മുംബൈ: ഐപിഎല്ലില്‍ ശ്രീലങ്കന്‍ ഇതിഹാസ പേസർ ലസിത് മലിംഗ പേസ് ബൗളിംഗ് പരിശീലകനായി മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിവരുന്നു. മലിംഗ ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ സപ്പോർട്ട് സ്റ്റാഫില്‍ ചേരും. 2021 വരെ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായിരുന്ന മലിംഗ വിരമിച്ചതിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന്‍റെ പേസ് പരിശീലകനായി ആയി പ്രവർത്തിച്ചുവരികയായിരുന്നു.

മുംബൈ ഇന്ത്യന്‍സിന്‍റെ എക്കാലത്തേയും മികച്ച പേസറായ ലസിത് മലിംഗ ഫ്രാഞ്ചൈസിക്കൊപ്പം പുതിയ ഇന്നിംഗ്സിന് ഒരുങ്ങുകയാണ്. രാജസ്ഥാന്‍ റോയല്‍സ് വിട്ട മലിംഗ മുംബൈ ഇന്ത്യന്‍സില്‍ ഷെയ്ന്‍ ബോണ്ടിന് പകരക്കാരനായി പേസ് ബൗളിംഗ് പരിശീലകനാകും. ബോണ്ട് 2015 മുതല്‍ നീണ്ട 9 വർഷം മുംബൈയുടെ പേസ് ബൗളിംഗ് കോച്ചായിരുന്നു. 2008 മുതല്‍ താരമായിരിക്കുകയും ഇടക്കാലത്ത് 2018ല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഉപദേഷ്ടാവുമായിരുന്ന മലിംഗ പിന്നീട് 2019 മുതല്‍ ബൗളറായി വീണ്ടും ടീമില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം നാല് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി കിരീടവും മലിംഗ നേടിയിട്ടുണ്ട്. മുംബൈക്കായി 139 മത്സരങ്ങള്‍ കളിച്ച മലിംഗ 195 വിക്കറ്റുകള്‍ നേടി. ഇതില്‍ 170 എണ്ണം മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലിലായിരുന്നു. 

2021ല്‍ വിരമിച്ച ശേഷം കുമാർ സംഗക്കാരയ്ക്കൊപ്പം രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലന സംഘത്തില്‍ ചേരുകയായിരുന്നു ലസിത് മലിംഗ. റോയല്‍സിനൊപ്പമുള്ള ആദ്യ സീസണില്‍ ഫൈനല്‍ കാണാനുള്ള അവസരം ലങ്കന്‍ മുന്‍ താരത്തിനുണ്ടായി. എന്നാല്‍ ഐപിഎല്‍ 2022 സീസണ്‍ കനത്ത നിരാശയായി. രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്താവുകയായിരുന്നു. റോയല്‍സില്‍ കുല്‍ദീപ് സെന്‍, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ പേസർമാരെ മെരുക്കിയെടുത്തത് മലിംഗയാണ്. പേസർമാരായി ജസ്പ്രീത് ബുമ്രയും ജോഫ്ര ആർച്ചറുമുള്ള മുംബൈ ഇന്ത്യന്‍സ് വളരെ പ്രതീക്ഷയോടെയാണ് മലിംഗയെ മടക്കിക്കൊണ്ടുവന്നിരിക്കുന്നത്. 

Read more: ശ്രേയസ് അയ്യർ ഇല്ലേല്‍ നാലാം നമ്പറില്‍ അവന്‍ വരട്ടെ; പേരുമായി സൗരവ് ഗാംഗുലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം