ഓരോ വര്‍ഷവും ആതിഥേയര്‍ മാറി മാറി വരുന്ന രീതിയില്‍ നടത്താനായിരുന്നു പ്ലാന്‍. ടൂര്‍ണമെന്റില്‍ നിന്നുള്ള ലാഭവിഹിതം ഐസിസിയിലെ മറ്റ് അംഗരാജ്യങ്ങള്‍ക്കും നല്‍കാമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിക്ക് മുമ്പാകെയും നിര്‍ദേശം വെച്ചിരുന്നു.
ദുബായ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) ചെയര്‍മാന്‍ റമീസ് രാജ (Ramiz Raja) മുന്നോട്ടുവച്ച ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിനോട് മുഖം തിരിച്ച് ഐസിസി. ഇന്ത്യയേയും പാകിസ്ഥാനേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പദ്ധതി ഐസിസി (ICC) തള്ളുകയായിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരേയാണ് മറ്റു രണ്ട് ടീമുകളായി കരുതിയിരുന്നത്. എല്ലാ വര്‍ഷവും ഈ ടൂര്‍ണമെന്റ് നടത്തുകയെന്നുള്ളതും റമീസിന്റെ പദ്ധതിയിലുണ്ടായിരുന്നു.
രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെങ്കിലും വര്‍ഷം തോറും നടത്തുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലൂടെ ഇരു ടീമുകള്‍ക്കും പരസ്പരം മത്സരിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം.
എന്നാല്‍ ഈ നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും റമീസ് രാജ വ്യക്തമാക്കിയിരുന്നു. ഓരോ വര്‍ഷവും ആതിഥേയര്‍ മാറി മാറി വരുന്ന രീതിയില്‍ നടത്താനായിരുന്നു പ്ലാന്‍. ടൂര്‍ണമെന്റില്‍ നിന്നുള്ള ലാഭവിഹിതം ഐസിസിയിലെ മറ്റ് അംഗരാജ്യങ്ങള്‍ക്കും നല്‍കാമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിക്ക് മുമ്പാകെയും നിര്‍ദേശം വെച്ചിരുന്നു.
താനും ഗാംഗുലിയും മുന്‍ നായകന്‍മാരാണെന്നും ക്രിക്കറ്റ് എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയമല്ലെന്നും അതിനാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ കാണുമ്പോള്‍ ഗാംഗുലിക്ക് മുമ്പില്‍ ഈ നിര്‍ദേശം വെക്കുമെന്നും റമീസ് രാജ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെയും ഇന്ത്യ ഇതില്‍ ഭാഗാമിയില്ലെങ്കിലും ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും പങ്കെടുപ്പിച്ച് ത്രിരാഷ്ട്ര ടൂര്‍ണമെന്റെന്ന ആശയവുമായി പാക്കിസ്ഥാന്‍ മുന്നോട്ടുപോകുമെന്നും റമീസ് രാജ വ്യക്തമാക്കി.
ടി20 ക്രിക്കറ്റില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ആധിക്യം കൂടുന്ന കാലത്ത് ത്രിരാഷ്ട്ര, ചതുര്‍രാഷ്ട്ര ടൂര്‍ണെമെന്റുകളാണ് ഇനി ഭാവിയെന്നും റമീസ് രാജ വ്യക്തമാക്കിയിരുന്നു. 2012-2013നു ശേഷം രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാക്കിസ്ഥാനും ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിച്ചിട്ടില്ല. ഇരു ടീമുകളും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്.
