ഇന്ത്യന്‍ ക്രിക്കറ്റിലെ മാതൃക കണ്ട് പാക് മുന്‍ താരങ്ങള്‍ പഠിക്കണമെന്ന് റമീസ് രാജ പറയുന്നു
ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വ്യക്തിത്വമില്ലെന്നും നായകന്‍ ബാബര്‍ അസമിന് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നുമുള്ള മുന്‍ പേസര്‍ ഷൊയൈബ് അക്‌തറിന്‍റെ പരാമര്‍ശത്തില്‍ പുതിയ വിവാദം. പാകിസ്ഥാന്‍ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ് അക്‌തര്‍ തന്‍റെ പ്രസ്‌താവനയിലൂടെയെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരം വിമര്‍ശനങ്ങള്‍ നടക്കില്ലെന്നും പാക് മുന്‍ താരവും ചീഫ് സെലക്‌ടറുമായിരുന്ന റമീസ് രാജ തുറന്നടിച്ചു.
അക്‌തര്‍ പറഞ്ഞത്...
'ടീമിന് ഒരു വ്യക്തിത്വം ഇല്ലായെന്ന് നോക്കിയാല്‍ മനസിലാകും. എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നത് പോലും താരങ്ങള്‍ക്ക് അറിയില്ല. മത്സര ശേഷം സമ്മാന വിതരണത്തിന് എത്തുമ്പോള്‍ എത്ര അരോചകമായാണ് പാക് താരങ്ങള്‍ സംസാരിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാന്‍ ഇത്ര പ്രയാസമാണോ? ക്രിക്കറ്റ് ഒരു ജോലിയാണ്. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് മറ്റൊരു ജോലിയും. സംസാരിക്കാന്‍ അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളെ ടിവിയില്‍ അവതരിപ്പിക്കാന്‍ കഴിയില്ല. പാകിസ്ഥാന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ആവേണ്ട താരമാണ് ബാബര്‍ അസം എന്ന് തുറന്നുപറയുന്നു. എന്നാല്‍ എന്തുകൊണ്ട് ബാബര്‍ ആ തലത്തിലേക്ക് എത്തിയില്ല. ഇതിന് കാരണം ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതാണ്' എന്നുമായിരുന്നു പ്രാദേശിക ടെലിവിഷന്‍ ചാനലിനോട് ഷൊയൈബ് അക്‌തറിന്‍റെ വാക്കുകള്‍.
തിരിച്ചടിച്ച് റമീസ് രാജ
ഇതിന് രൂക്ഷമായ മറുപടിയാണ് റമീസ് രാജ നല്‍കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മാതൃക കണ്ട് പാക് മുന്‍ താരങ്ങള്‍ പഠിക്കണമെന്ന് റമീസ് രാജ പറയുന്നു. 'ഷൊയിബ് അക്തർ ഒരു ഭ്രമാത്മക സൂപ്പർസ്റ്റാറാണ്. കമ്രാന്‍ അക്‌മലുമായി അദേഹത്തിന് അടുത്തിടെ പ്രശ്‌നമുണ്ടായിരുന്നു. എല്ലാവരും ബ്രാന്‍ഡ് ആവണമെന്നാണ് അക്‌തര്‍ പറയുന്നത്. ഒരു മനുഷ്യനാവുകയാണ് ആദ്യം പ്രധാനം. അതിന് ശേഷം ബ്രാന്‍ഡ് ആയാല്‍ മതി. ഇത്തരം പ്രസ്താവനകളിലൂടെ നമ്മുടെ മുന്‍ താരങ്ങള്‍ നമ്മുടെ ക്രിക്കറ്റിനെ തന്നെ തരംതാഴ്‌ത്തുന്നു. ഇത് നമ്മുടെ അയല്‍രാജ്യത്ത് കാണാന്‍ കഴിയില്ല. സുനില്‍ ഗാവസ്‌കര്‍ ഇത്തരത്തില്‍ രാഹുല്‍ ദ്രാവിഡിനെ വിമര്‍ശിക്കുന്നത് ഒരിക്കലും കാണാന്‍ കഴിയില്ല. ഇതൊക്കെ പാകിസ്ഥാനില്‍ മാത്രമേ നടക്കും. മറ്റുള്ളവരെ അവരുടെ ജോലി ചെയ്യാന്‍ മുന്‍ താരങ്ങള്‍ അനുവദിക്കില്ല' എന്നും അക്‌തറിനെ ലക്ഷ്യം വച്ച് റമീസ് രാജ പറഞ്ഞു.
അപ്പോള്‍ നാളെ കാണാം; ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ഹോം മാച്ചിന് ആരാധകരെ ക്ഷണിച്ച് സഞ്ജു സാംസണ്‍- വീഡിയോ
