മുംബൈ ഡ്രസിംഗ് റൂമില്‍ രഹാനെയെ പോലൊരു മികച്ച താരമുള്ളത് മഹത്തരമാണ് എന്ന് അമോൽ മജുംദാര്‍
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വീണ്ടും ആവേശം സമ്മാനിക്കുകയാണ് മധ്യനിര ബാറ്റര്‍ അജിന്‍ക്യ രഹാനെ (Ajinkya Rahane). ഫോമില്ലായ്‌മയ്‌ക്ക് അറുതിവരുത്താന്‍ രഞ്ജി ട്രോഫിയില്‍ (Ranji Trophy 2021-22) മടങ്ങിയെത്തി തകര്‍പ്പന്‍ സെഞ്ചുറി കുറിച്ചിരിക്കുന്നു രഹാനെ. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് (Team India) വീണ്ടും തന്‍റെ സുരക്ഷിത കസേര വലിച്ചിടുന്ന പ്രകടനം നടത്തിയ രഹാനെയുടെ പ്രതിബദ്ധതയെ പ്രശംസിച്ചിരിക്കുകയാണ് മുംബൈ പരിശീലകന്‍ അമോൽ മജുംദാര്‍ (Amol Muzumdar).
'മുംബൈ ഡ്രസിംഗ് റൂമില്‍ രഹാനെയെ പോലൊരു മികച്ച താരമുള്ളത് മഹത്തരമാണ്. മറ്റാരേക്കാളും പ്രതിബദ്ധതയും ഉത്സാഹവുമുള്ള താരമാണയാള്‍. എത്രതവണ വിജയിച്ചു, പരാജയപ്പെട്ടു എന്നതൊന്നും ഒരു ഘടകമല്ല. അടിസ്ഥാന പാഠങ്ങളിലേക്ക് തിരിച്ചുപോയി മികവിലേക്കെത്താന്‍ ശ്രമിക്കുന്നതാണ് രഹാനെയുടെ കരുത്ത്' എന്നും അമോൽ മജുംദാര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അജിന്‍ക്യ രഹാനെയുടെ ബാറ്റിംഗ് ഫോമില്ലായ്‌മ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇക്കാലയളവില്‍ 20ല്‍ താഴെ ബാറ്റിംഗ് ശരാശരി മാത്രമാണ് ഇന്ത്യയുടെ വിശ്വസ്‌ത ബാറ്റര്‍ എന്ന വിശേഷണമുണ്ടായിരുന്ന രഹാനെയ്‌ക്കുണ്ടായിരുന്നത്. 2022ല്‍ കളിച്ച രണ്ട് ടെസ്റ്റില്‍ 68 റണ്‍സ് മാത്രം നേടിയപ്പോള്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വിയുടെ പഴികള്‍ രഹാനെയ്‌ക്കും കേള്‍ക്കേണ്ടിവന്നു.
രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ സൗരാഷ്‌ട്രയ്‌ക്കെതിരെ മുംബൈയുടെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു ഇന്ത്യന്‍ സീനിയര്‍ ബാറ്ററായ അജിന്‍ക്യ രഹാനെ. നായകന്‍ പൃഥ്വി ഷാ(1), ആകര്‍ഷിത് ഗോമല്‍(8), സച്ചിന്‍ യാദവ്(19) എന്നിവരെ തുടക്കത്തിലെ നഷ്‌ടമായ ശേഷം സര്‍ഫറാസ് ഖാനൊപ്പം മുംബൈയെ കരകയറ്റുകയായിരുന്നു രഹാനെ. 290 പന്തില്‍ 17 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പടെ രഹാനെ 129 റണ്‍സെടുത്തു. സര്‍ഫറാസ് 304 പന്തില്‍ 151 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്നു. 44-3ല്‍ നിന്ന് 296-4 എന്ന നിലയിലേക്ക് രഹാനെ മുംബൈ ടീമിനെ കൈപിടിച്ചുയര്‍ത്തി.
1993 മുതൽ 2013 വരെ ആഭ്യന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്ന അമോൽ മജുംദാർ 171 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 11,167 റൺസെടുത്തിട്ടുണ്ട്. 2014ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വസീം ജാഫര്‍ മറികടക്കും മുമ്പ് രഞ്ജി ട്രോഫിയിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. പൂര്‍ണസമയ നായകനായുള്ള ആദ്യ സീസണില്‍ തന്നെ മുംബൈയെ രഞ്ജി ചാമ്പ്യന്‍മാരാക്കി. അജിന്‍ക്യ രഹാനെ മുംബൈക്കായി അരങ്ങേറ്റം കുറിച്ചത് മജുംദാറിന്‍റെ നായകത്വത്തിന് കീഴിലാണ്.
