ലീഡ് വഴങ്ങി, പുതുച്ചേരിക്കെതിരെ മഹാത്ഭുതം പ്രതീക്ഷിച്ച് കേരള ക്രിക്കറ്റ് ടീം
പുതുച്ചേരിയുടെ ആകെ ലീഡ് 119 റണ്‍സായി. അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ കേരളത്തിന് പുതുച്ചേരിക്കെതിരെ വമ്പൻ ജയം ആവശ്യമാണ്.

പുതുച്ചേരി: നിർണായക രഞ്ജി ട്രോഫി മത്സരത്തിൽ പുതുച്ചേരിക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി കേരളം. പുതുച്ചേരിക്കെതിരെ 85 റണ്‍സിന്‍റെ ലീഡാണ് കേരള ക്രിക്കറ്റ് ടീം വഴങ്ങിയത്. മൂന്ന് വിക്കറ്റിന് 111 റണ്‍സ് എന്ന നിലയിൽ മൂന്നാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളം 286 റണ്‍സിന് ഓൾഔട്ടായി. 70 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്കോറർ. മൂന്നാംദിനം സ്റ്റംപ് എടുത്തപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 10 ഓവറില്‍ ഒരു വിക്കറ്റിന് 34 റണ്‍സെന്ന നിലയിലാണ് പുതുച്ചേരി. ജയ് പാണ്ഡെയും(8*), പരാസ് ദോഗ്രയുമാണ്(20*) ക്രീസില്‍. 9 പന്തില്‍ അഞ്ച് റണ്‍സെടുത്ത നേയന്‍ ശ്യാമിനെ ബേസില്‍ തമ്പി എല്‍ബിയില്‍ കുടുക്കി.
പുതുച്ചേരിയുടെ ആകെ ലീഡ് 119 റണ്‍സായി. അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ കേരളത്തിന് പുതുച്ചേരിക്കെതിരെ വമ്പൻ ജയം ആവശ്യമാണ്. അതിനാല്‍ മഹാത്ഭുതങ്ങള്‍ പ്രതീക്ഷിച്ചാവും കേരള ക്രിക്കറ്റ് ടീം നാലാംദിനമായ നാളെ മൈതാനത്തിറങ്ങുക.
പുതുച്ചേരിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 371 റണ്‍സിന് മറുപടിയായി കേരളം 113 ഓവറില്‍ 286 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. അര്‍ധസെഞ്ചുറിയുമായി അക്ഷയ് ചന്ദ്രനും മികച്ച പിന്തുണയുമായി ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും പൊരുതിയെങ്കിലും കേരളത്തിന് 85 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങേണ്ടിവന്നു. 70 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സല്‍മാന്‍ നിസാര്‍ 44 ഉം സച്ചിന്‍ ബേബി 39 ഉം സിജോമോന്‍ ജോസഫ് 35 ഉം റണ്‍സെടുത്തു. നേരത്തെ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ 17നും പി രാഹുല്‍ 19നും പുറത്തായപ്പോള്‍ രോഹന്‍ പ്രേമിനും(19) തിളങ്ങാനായില്ല. പുതുച്ചേരിക്കായി സാഗര്‍ പി ഉദേശി 62 റണ്ണിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കൃഷ്ണ പാണ്ഡെയും അബിന്‍ മാത്യുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
എലൈറ്റ് ഗ്രൂപ്പ് സിയില്‍ പോയിന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയിന്റ് ആണുള്ളത്. ഏഴ് മത്സരങ്ങളില്‍ 35 പോയിന്‍റുള്ള കര്‍ണാടക ഒന്നും 23 പോയിന്റുള്ള ജാര്‍ഖണ്ഡ് രണ്ടും സ്ഥാനങ്ങളിലാണ്.