മറുപടി ബാറ്റിംഗില്‍ കേരളം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്‌ഗഢിനെതിരെ കേരളത്തിന് ലീഡ്. തുമ്പ സെന്‍റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 149 റണ്‍സ് പിന്തുടരുന്ന കേരളം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 56 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 157 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ചുറി പിന്നിട്ട് രോഹന്‍ പ്രേമും(129 പന്തില്‍ 60*), കരുതലോടെ സച്ചിന്‍ ബേബിയുമാണ്(99 പന്തില്‍ 36*) ക്രീസില്‍. 

മറുപടി ബാറ്റിംഗില്‍ കേരളം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. സച്ചിന്‍ ബേബി 11* ഉം, രോഹന്‍ പ്രേം 29* ഉം റണ്‍സിലാണ് ബാറ്റിംഗ് തുടങ്ങിയത്. ഓപ്പണര്‍മാരായ പി രാഹുല്‍ (24), രോഹന്‍ കുന്നുമ്മല്‍ (31) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് ഇന്നലെ നഷ്‌ടമായിരുന്നു. ഇന്നലെ സ്‌കോര്‍ബോര്‍ഡില്‍ 47 റണ്‍സുള്ളപ്പോള്‍ പി രാഹുലിനെ കേരളത്തിന് നഷ്ടമായി. പിന്നീട് 22 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ രണ്ടാം വിക്കറ്റും പോയി. രോഹനെ കുന്നുമ്മലിനെ, സൗരഭ് ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ ശ്രദ്ധയോടെ കളിച്ച സച്ചിന്‍-രോഹന്‍ പ്രേം സഖ്യം ആദ്യദിനം കൂടുതല്‍ വിക്കറ്റുകള്‍ പോവാതെ കാത്തു. കരുതലോടെ രണ്ടാംദിനവും ബാറ്റ് വീശുകയാണ് ഇരുവരും. 

അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഛത്തീസ്‌ഗഢിനെ തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സ് നേടിയ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് ഛത്തീസ്‌ഗഢിന്‍റെ ടോപ് സ്‌കോറര്‍. സാനിദ്ധ്യ ഹര്‍കത്(11), റിഷഭ് തിവാരി(8), അജയ് മണ്ഡല്‍(12), അമന്‍ദീപ് ഖരെ(0), ശശാങ്ക് സിംഗ്(2), സുമിത് റൂയ്‌കര്‍(17) എംഎസ്എസ് ഹുസൈന്‍(2), രവി കിരണ്‍(0), സൗരഭ് മജൂംദാര്‍(19), മായങ്ക് യാദവ് (29*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 

ക്രീസിലുറച്ച് സച്ചിന്‍ ബേബി- രോഹന്‍ പ്രേം സഖ്യം; രഞ്ജിയില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് മികച്ച തുടക്കം