മറുപടി ബാറ്റിംഗില്‍ കേരളം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്‌ഗഢിനെതിരെ കേരളത്തിന് 100 റണ്‍സിലേറെ ലീഡ്. തുമ്പ സെന്‍റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 149 റണ്‍സ് പിന്തുടരുന്ന കേരളം ഒന്നാം ഇന്നിംഗ്‌സില്‍ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 90 ഓവറില്‍ ആറ് വിക്കറ്റിന് 270 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണും(27 പന്തില്‍ 30*), സിജോമോന്‍ ജോസഫും (1 പന്തില്‍ 0*) ആണ് ക്രീസില്‍. കേരളത്തിനായി രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും 77 റണ്‍സ് വീതമെടുത്ത് ഇന്ന് പുറത്തായി. കേരളത്തിനിപ്പോള്‍ 121 റണ്‍സ് ലീഡായി. 

മറുപടി ബാറ്റിംഗില്‍ കേരളം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. സച്ചിന്‍ ബേബി 11* ഉം, രോഹന്‍ പ്രേം 29* ഉം റണ്‍സുമായി ബാറ്റിംഗ് തുടങ്ങി. ഓപ്പണര്‍മാരായ പി രാഹുല്‍ (58 പന്തില്‍ 24), രോഹന്‍ കുന്നുമ്മല്‍ (50 പന്തില്‍ 31) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് ഇന്നലെ നഷ്‌ടമായിരുന്നു. ഇരുവരും പുറത്തായ ശേഷം സച്ചിന്‍-രോഹന്‍ സഖ്യം രണ്ടാംദിനം കരുതലോടെയാണ് കളിച്ചത്. ആദ്യം രോഹനും പിന്നാലെ സച്ചിനും അര്‍ധ സെഞ്ചുറി നേടി. രോഹന്‍ പ്രേം 157 പന്തില്‍ 77 ഉം സച്ചിന്‍ ബേബി 171 പന്തില്‍ 77 ഉം റണ്‍സെടുത്താണ് മടങ്ങിയത്. നായകന്‍ സഞ്ജു സാംസണിന് മുമ്പേ ക്രീസിലെത്തിയ അക്ഷയ് ചന്ദ്രന്(58 പന്തില്‍ 12) അധിക നേരം പിടിച്ചുനില്‍ക്കാനാവാതെ വന്നത് കേരളത്തിന് കനത്ത തിരിച്ചടിയായി. പിന്നാലെ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന 20 പന്തില്‍ 11 റണ്‍സുമായി വീണു. 

അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഛത്തീസ്‌ഗഢിനെ തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സ് നേടിയ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് ഛത്തീസ്‌ഗഢിന്‍റെ ടോപ് സ്‌കോറര്‍. സാനിദ്ധ്യ ഹര്‍കത്(11), റിഷഭ് തിവാരി(8), അജയ് മണ്ഡല്‍(12), അമന്‍ദീപ് ഖരെ(0), ശശാങ്ക് സിംഗ്(2), സുമിത് റൂയ്‌കര്‍(17) എംഎസ്എസ് ഹുസൈന്‍(2), രവി കിരണ്‍(0), സൗരഭ് മജൂംദാര്‍(19), മായങ്ക് യാദവ് (29*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 

രോഹന്‍ പ്രേമിന് ഫിഫ്റ്റി, കാലുറപ്പിച്ച് സച്ചിന്‍ ബേബിയും; കേരളത്തിന് ലീഡ്