സിക്‌സര്‍ പറത്തി സ്റ്റൈലില്‍ 150 തികച്ച ഡാനിഷ് മലേവാറിനെ ബൗള്‍ഡാക്കി എന്‍ പി ബേസില്‍ രണ്ടാം ദിനം ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചു, പിന്നാലെ യഷ് താക്കൂറിനെയും ബേസില്‍ പുറത്താക്കിയതോടെ കേരളത്തിന്‍റെ ശക്തമായ തിരിച്ചുവരവ്
നാഗ്‌പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ രണ്ടാം ദിനം തുടക്കത്തിലെ ബ്രേക്ക്‌ത്രൂ നേടി കേരളം. വിദര്‍ഭയുടെ സെഞ്ചുറിവീരന്‍ ഡാനിഷ് മലേവാറിനെ എന്‍ പി ബേസില്‍ ബൗള്‍ഡാക്കി. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 153 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ ഇന്നലത്തെ നൈറ്റ് വാച്ച്‌മാന്‍ യഷ് താക്കൂറിനെ എല്‍ബിയിലും ബേസില്‍ കുടുക്കി. യഷ് 60 പന്തില്‍ 25 റണ്‍സ് പേരിലാക്കി. രണ്ടാം ദിനം ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ വിദര്‍ഭ 100 ഓവറുകളില്‍ 297-6 എന്ന സ്കോറിലാണ്. യഷ് റാത്തോഡും (3*), ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വഡ്‌കാറുമാണ് (1*) ക്രീസില്‍.
നാല് വിക്കറ്റിന് 254 റൺസെന്ന നിലയിലാണ് രണ്ടാം ദിനം വിദർഭ ബാറ്റിംഗ് പുനരാരംഭിച്ചത്. 259 പന്തില്‍ 138 റൺസുമായി ഡാനിഷ് മലേവാറും 13 ബോളുകളില്‍ അഞ്ച് റൺസുമായി നൈറ്റ് വാച്ച്മാൻ യഷ് താക്കൂറുമായിരുന്നു ക്രീസിൽ. വിദര്‍ഭ ഇന്നിംഗ്സിലെ 90-ാം ഓവറിലെ അവസാന പന്തില്‍ ഏദന്‍ ആപ്പിളിനെ സിക്‌സറിന് പറത്തി 273 ബോളുകളില്‍ അനായാസം മലേവാര്‍ 150 റണ്‍സ് തികച്ചു. എന്നാല്‍ 96-ാം ഓവറില്‍ എന്‍ പി ബേസില്‍ കുറ്റി പിഴുത് ഡാനിഷ് മലേവാറിന്‍റെ മാരത്തണ്‍ ഇന്നിംഗ്സ് (285 പന്തില്‍ 153) അവസാനിപ്പിച്ചു. വീണ്ടും പന്തെടുത്തപ്പോള്‍ യഷ് താക്കൂറിന്‍റെ പ്രതിരോധവും ബേസില്‍ അവസാനിപ്പിച്ചു. 60 ബോളുകള്‍ ക്രീസില്‍ ചിലവഴിച്ച യഷ് 25 റണ്‍സാണ് നേടിയത്.
ഫൈനലിന്‍റെ ഒന്നാം ദിനമായ ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയ്ക്ക് 24 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ഇന്നിംഗ്സിലെ രണ്ടാം ബോളില്‍ ഓപ്പണര്‍ പാര്‍ഥ് രേഖഡെയെ (രണ്ട് പന്തില്‍ 0) എം ഡി നിധീഷ് എല്‍ബിയില്‍ കുടുക്കി. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ വണ്‍ഡൗണ്‍ ബാറ്റര്‍ ദര്‍ശന്‍ നാല്‍ക്കണ്ടെയെയും (21 പന്തുകളില്‍ 1) പറഞ്ഞയച്ച് നിധീഷ് വിദര്‍ഭക്ക് ഇരട്ട പ്രഹരം നല്‍കി. എന്‍ പി ബേസിലിനായിരുന്നു ക്യാച്ച്. പിടിച്ചുനിൽക്കാന്‍ ശ്രമിച്ച സഹ ഓപ്പണര്‍ ധ്രുവ് ഷോറെയെ (35 പന്തില്‍ 16) ഏദന്‍ ആപ്പിള്‍ ടോം വിക്കറ്റിന് പിന്നില്‍ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ചതോടെ വിദര്‍ഭ കൂട്ടത്തകര്‍ച്ചയിലായി. ഇന്നിംഗ്‌സിലെ 13-ാം ഓവറിലായിരുന്നു ഈ വിക്കറ്റ്.
ഇതിന് ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഡാനിഷ് മലേവാറും കരുണ്‍ നായരും 215 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് ചേര്‍ത്ത് വിദര്‍ഭയെ കരകയറ്റുകയായിരുന്നു. 168 പന്തിലായിരുന്നു മലേവാര്‍ സെഞ്ചുറി തികച്ചത്. 188 പന്തുകളില്‍ 86 റണ്‍സ് നേടിയ കരുണ്‍ നായരെ ഇന്നലെ അവസാന സെഷനില്‍ രോഹന്‍ കുന്നുമ്മല്‍ റണ്ണൗട്ടാക്കി.
Read more: രഞ്ജി ട്രോഫി ഫൈനല്‍: മികച്ച സ്കോര്‍ ലക്ഷ്യമിട്ട് വിദര്‍ഭ, എറിഞ്ഞിടാന്‍ കേരളം; രണ്ടാം ദിനം ആവേശമാകും
