171 പന്ത് നേരിട്ട ഗില്‍ 14 ബൗണ്ടറിയും മൂന്ന് സിക്സും പറത്തിയാണ് 102 റണ്‍സടിച്ചത്.

ബെംഗലൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെ ഇന്നിംഗ്സിനും 207 റണ്‍സിനും തകര്‍ത്ത് കര്‍ണാടക. 420 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പഞ്ചാബിനായി രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ സെഞ്ചുറിയുമായി പൊതുതിയെങ്കിലും ഇന്നിംഗ്സിനും 207 റണ്‍സിനും തോറ്റു. 171 പന്തില്‍ 102 റണ്‍സടിച്ച ഗില്ലാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ഗില്ലിന് പുറമെ 27 റണ്‍സെടുത്ത മായങ്ക് മാര്‍ക്കണ്ഡെയും 26 റണ്‍സുമായി പുറത്താകാതെ നിന്ന സുഖ്ദീപ് ബജ്‌വയും മാത്രമെ പഞ്ചാബിനായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയുള്ളു. സ്കോര്‍ പഞ്ചാബ് 55, 213, കര്‍ണാടക 475.

ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 420 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയതോടെ പഞ്ചാബ് തോല്‍വി ഉറപ്പിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട പഞ്ചാബ് ഒരുഘട്ടത്തില്‍ 84-6ലേക്ക് കൂപ്പുകുത്തിയെങ്കിലും വാലറ്റക്കാരെ കൂട്ടുപിടിച്ച് ഗില്‍ നടത്തിയ പോരാട്ടം അവരെ 200 കടത്തി.

സഞ്ജുവിന പകരം റിഷഭ് പന്ത് എങ്ങനെ ചാമ്പ്യൻസ് ട്രോഫി ടീമിലെത്തി?, വിശദീകരിച്ച് ആര്‍ അശ്വിന്‍

ആദ്യ ഇന്നിംഗ്സില്‍ 55 റണ്‍സിന് ഓള്‍ ഔട്ടായതാണ് പഞ്ചാബിന് തിരിച്ചടിയായത്. 171 പന്ത് നേരിട്ട ഗില്‍ 14 ബൗണ്ടറിയും മൂന്ന് സിക്സും പറത്തിയാണ് 102 റണ്‍സടിച്ചത്. കര്‍ണാടകക്കായി യശോവര്‍ധന്‍ പരൻതാപും ശ്രേയസ് ഗോപാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു.

ഇന്നിംഗ്സ് ജയത്തോടെ ബോണസ് പോയന്‍റ് അടക്കം ഏഴ് പോയന്‍റ് സ്വന്തമാക്കിയ കര്‍ണാടക 19 പോയന്‍റുമായി കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. മധ്യപ്രദേശിനെതിരെ ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ കേരളത്തിന് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാം. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഹരിയാന ബംഗാളിനെതിരെ വിജയപ്രതീക്ഷയിലാണെന്നതും കേരളത്തിന് തിരിച്ചടിയാണ്. 20 പോയന്‍റുമായാണ് ഹരിയാന പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ബംഗാളിനെതിരെ ജയിച്ചാല്‍ 26 പോയന്‍റുമായി ഹരിയാനക്ക് ക്വാര്‍ട്ടര്‍ ഉറപ്പാക്കാനാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക