രഞ്ജി ട്രോഫി സെമി: ജയമല്ല, ഗുജറാത്തിനെതിരെ പ്രതിരോധ കോട്ട കെട്ടിയ കേരളത്തിന്‍റെ ലക്ഷ്യം മറ്റൊന്ന്
പരമാവധി റൺസെടുത്ത് ഗുജറാത്തിനെതിരെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുകയാണ് കേരളത്തിന്‍റെ ലക്ഷ്യമെന്ന് വ്യക്തം.

അഹമ്മദാബാദ്: രഞ്ജി ട്രോഫി ഫൈനലെന്ന ചരിത്രനേട്ടത്തിന്‍റെ പടിവാതില്‍ക്കലാണ് കേരളം. ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടില്‍ നിര്‍ണായക ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ മുതല്‍ കേരളം ശ്രമിച്ചത് ആദ്യം സുരക്ഷിത സ്ഥാനത്തെത്താനാണ്. ആദ്യ രണ്ട് ദിവസവും പ്രതിരോധക്കരുത്തിലൂടെ ഗുജറാത്തിന്റെ ബൗളിംഗ് മുനയൊടിച്ച ബാറ്റിംഗ് ശൈലിതന്നെ കേരളം മൂന്നാം ദിനമായ ഇന്നും തുടരാനാണ് സാധ്യത.
പരമാവധി റൺസെടുത്ത് ഗുജറാത്തിനെതിരെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുകയാണ് കേരളത്തിന്‍റെ ലക്ഷ്യമെന്ന് വ്യക്തം. ജമ്മു കശ്മീരിനെതിരെ ക്വാർട്ടർ ഫൈനലിൽ ഒന്നാം ഇന്നിംഗ്സിൽ നേടിയ ഒരു റൺ ലീഡിന്‍രെ വില നമ്മൾഎല്ലാവരും കണ്ടതാണ്. ഈ ഓർമ്മയോടെ തന്നെയാവും കേരളം ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കുക.
149 റൺസുമായി ക്രീസിലുള്ള മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ബാറ്റിലേക്ക് തന്നെയാവും ഇന്നും എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്താതെ 475 റൺസെങ്കിലും നേടിയാൽ സുരക്ഷിത നിലയിൽ എത്തുമെന്നാണ് സച്ചിൻ ബേബിയുടെയും സംഘത്തിന്‍റെയും കണക്കുകൂട്ടൽ. മത്സരം പുരോഗമിക്കും തോറും അഹമ്മദാബാദിലെ പിച്ചിൽ ബാറ്റിങ് ദുഷ്കരമാകുമെന്നാണ് കരുതുന്നത്.
മികച്ച ഫോമിലുള്ള പേസർ എം ഡി നിധീഷും സ്പിൻ ജോഡിയായ ജലക് സക്സേനയും ആദിത്യ സർവാദേയും പ്രതീക്ഷയ്ക്കൊത്ത് പന്തെറിഞ്ഞാൽ ഗുജറാത്തിനെ വേഗത്തിൽ പുറത്താക്കി ഒന്നാം ഇന്നിംഗ്സ് ലീഡിലെത്താൻ കേരളത്തിന് കഴിയും. കേരളം നിലവിൽ 177 ഓവറിലാണ് 418 റൺസെടുത്തത്. ഒന്നാം ദിനം 89 ഓവറിൽ നാലു വിക്കറ്റിന് 206 റൺസും, രണ്ടാം ദിനം 88 ഓവറിൽ മൂന്നു വിക്കറ്റിന് 212 റൺസും മാത്രമാണ് കേരളം നേടിയത്.
അസറുദ്ദീന്‍റെ സെഞ്ച്വറി തന്നെയാണ് ഇന്നലെ കേരള ഇന്നിംഗ്സിന്റെ സവിശേഷത. പൊതുവെ ആക്രമിച്ച് കളിക്കുന്ന അസർ 303 പന്തിൽ 17 ബൗണ്ടറികളോടെയാണ് 149 റൺസെടുത്തത്. ഇതോടെ രഞ്ജി ട്രോഫി സെമിയിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരളതാരമെന്ന റെക്കോർഡും വിക്കറ്റ് കീപ്പറായ അസർ സ്വന്തമാക്കി. ആറാം വിക്കറ്റിൽ സൽമാൻ നിസാറിനൊപ്പം 149 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതും നിർണായകമായി.
ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന സൽമാൻ 52ഉം ഫോം വീണ്ടെടുത്ത സച്ചിൻ ബേബി 69ഉം റൺസെടുത്തു. അരങ്ങേറ്റക്കാരൻ അഹമ്മദ് ഇമ്രാൻ 66 പന്തിൽ മൂന്നു ഫോറുകളോടെ 24 റൺസെടുത്ത് അസറിന് പിന്തുണ നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
