നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന സ്കോറില്‍ ക്രീസിലിറങ്ങിയ കേരളം ആദ്യ മണിക്കൂറില്‍ തന്നെ തകര്‍ന്നു തുടങ്ങി. നാലാം ദിനം ആദ്യ ഓവറിലെ അവസാന പന്തില്‍ ജലജ് സക്സേനയെ പുറത്താക്കി ധവാല്‍ കുല്‍ക്കര്‍ണിയാണ് കേരത്തിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് 232 റണ്‍സിന്‍റെ കനത്ത തോല്‍വി. 327 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന കേരളം അവസാന ദിനം ആദ്യ സെഷനില്‍ തന്നെ 94 റണ്‍സിന് ഓള്‍ ഔട്ടായി. പതിനൊന്നാമനായി ബാറ്റിംഗിനിറങ്ങേണ്ടിയിരുന്ന വിശ്വേശര്‍ സുരേഷ് പരിക്കുമൂലം കേരളത്തിനായി ബാറ്റിംഗിനിറങ്ങിയില്ല. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.
മുംബൈക്ക് വേണ്ടി ഷംസ് മുലാനി 44 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണിയും തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 26 റണ്‍സെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ സമനില നേടിയ കേരളത്തിന്‍റെ ആദ്യ തോല്‍വിയാണിത്. സ്കോര്‍ മുംബൈ 251, 319, കേരളം 244, 94.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന സ്കോറില്‍ ക്രീസിലിറങ്ങിയ കേരളം ആദ്യ മണിക്കൂറില്‍ തന്നെ തകര്‍ന്നു തുടങ്ങി. നാലാം ദിനം ആദ്യ ഓവറിലെ അവസാന പന്തില്‍ ജലജ് സക്സേനയെ പുറത്താക്കി ധവാല്‍ കുല്‍ക്കര്‍ണിയാണ് കേരത്തിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.
16 റണ്‍സെടുത്ത ജലജ് സക്സേനയെ ധവാല്‍ കുല്‍ക്കര്‍ണി ബൗള്‍ഡാക്കി. വണ്‍ഡൗണായി എത്തിയ കൃഷ്ണ പ്രസാദിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. നാലു റണ്‍സെടുത്ത കൃഷ്ണ പ്രസാദിനെ ധവാല്‍ കുല്‍ക്കര്‍ണിയുടെ പന്തില്‍ റോയ്സ്റ്റണ്‍ എച്ച് ഡയസ് പിടിച്ചു. 26 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഷംസ് മുലാനിയുടെ പന്തില്‍ മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് ക്യാച്ച് നല്‍കി മടങ്ങി.
പിന്നാലെ സച്ചിന്‍ ബേബി(12), വിഷ്ണു വിനോദ്(6) എന്നിവരെ മടക്കിയ തനുഷ് കൊടിയാന്‍ കേരളത്തിന്‍റെ നടുവൊടിച്ചു. ശ്രേയസ് ഗോപാലിനെ(0) റണ്ണെടുക്കും മുമ്പെ ഷംസ് മുലാനി പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ പിന്തുണയില്ലാതെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 53 പന്ത് നേരിട്ട സഞ്ജു രണ്ട് ബൗണ്ടറി മാത്രം പറത്തിയാണ് 15 റണ്‍സുമായി പുറത്താകാതെ നിന്നത്.
മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്ന മുംബൈയുടെ മധ്യനിര തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റം പൊരുതി നിന്നതോടെയാണ് മികച്ച സ്കോറിലെത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ 319 റണ്‍സിന് ഓള്‍ ഔട്ടായ മുംബൈ കേരളത്തിന് മുന്നില്‍ 327 റണ്‍സിന്‍റെ വിജലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു. നേരത്തെ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 119 റണ്‍സെന്ന നിലയിലാണ് മുംബൈ ക്രീസിലിറങ്ങിയത്. 226-5 എന്ന സ്കോറില്‍ തകര്‍ന്നശേഷം അവസാന സെഷനില്‍ പൊരുതി നിന്ന മുംബൈ വാലറ്റം കേരളത്തിന്‍റെ വിജയലക്ഷ്യം ഉയര്‍ത്തി.
