ജാര്‍ഖണ്ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 773 റണ്‍സടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ബാറ്റിംഗ് നിരയിലെ ആദ്യ ഒമ്പത് പേരും അമ്പതോ അതിലധികമോ സ്കോര്‍ ചെയ്തു.

ബെംഗലൂരു: രഞ്ജി ട്രോഫി(Ranji Trophy) ക്രിക്കറ്റില്‍ ബാറ്റെടുത്തവരെല്ലാം ഫിഫ്റ്റി അടിച്ച് തിരിച്ചുകയറിയപ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് പശ്ചിമ ബംഗാള്‍. ജാര്‍ഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് ബാറ്റിംഗ് നിരയിലെ ഒമ്പത് പേര്‍ ഫിഫ്റ്റി അടിച്ച ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമെന്ന റെക്കോര്‍ഡ് ബംഗാള്‍ സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 129 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബംഗാള്‍ ഇന്ന് തിരുത്തിയെഴുതിയത്.

ജാര്‍ഖണ്ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 773 റണ്‍സടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ബാറ്റിംഗ് നിരയിലെ ആദ്യ ഒമ്പത് പേരും അമ്പതോ അതിലധികമോ സ്കോര്‍ ചെയ്തു. 186 റണ്‍സുമായി സുദീപ് ഗുര്‍മാനി ടോപ് സ്കോററായപ്പോള്‍ അമോല്‍ മജൂംദാറും(117) സെഞ്ചുറി നേടി. ഓപ്പണര്‍ അഭിഷേക് രാമന്‍(61), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍(65), മനോജ് തിവാരി(73), അഭിഷേക് പോറല്‍(68), ഷഹബാസ് അഹമ്മദ്(78), സയാന്‍ മൊണ്ഡാല്‍(53), അകാശ് ദീപ്(53) എന്നിവരാണ് ബംഗാളിനായി അര്‍ധസെഞ്ചുറി നേടിയത്.

Scroll to load tweet…

ഒമ്പതാമനായി ഇറങ്ങിയ അകാശ് ദീപ് 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതോടെയാണ് ബംഗാളിന് റെക്കോര്‍ഡ് സ്വന്തമായത്. 1893ല്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികള്‍ക്കതിരെ ഓസീസ് സന്ദര്‍ശക ടീമിലെ ആദ്യ എട്ട് പേര്‍ അര്‍ധസെഞ്ചുറി നേടിയതിന്‍റെ റെക്കോര്‍ഡാണ് ബംഗാള്‍ തിരുത്തിയത്.

നിരാശപ്പെടുത്തി പൃഥ്വി ഷാ, തകര്‍പ്പന്‍ പ്രകടനവുമായി സുവേദ് പാര്‍ക്കറും സര്‍ഫ്രാസ് ഖാനും

ആദ്യ ദിനം ടോസ് നേടിയ ജാര്‍ഖണ്ഡ് മൂടിക്കെട്ടിയ അന്തരീക്ഷം കണക്കിലെടുത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ തുടങ്ങിവെച്ച അര്‍ധസെഞ്ചുറി വേട്ട ഒമ്പതാമനായി ക്രീസിലെത്തി അകാശ് ദീപ് വരെ തുടര്‍ന്നു. ബംഗാളിന്‍റെ കൂറ്റന്‍ സ്കോറിനെതിരെ ബാറ്റിംഗിനിറങ്ങി ജാര്‍ഖണ്ഡ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സുമായി വിരാട് സിംഗും ഒരു റണ്ണോടെ അനുകുല്‍ റോയിയും ക്രീസില്‍. ബംഗാളിനായി സയാന്‍ മൊണ്ഡാല്‍ മൂന്നും ഷഹബാസ് അഹമ്മദ് രണ്ടും വിക്കറ്റെടുത്തു.