രഞ്ജി സീസണിൽ 12.57 ശരാശരിയിൽ 60 വിക്കറ്റുകളാണ് ആക്വിബ് എറിഞ്ഞിട്ടത്. ഇതിൽ 7 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു.

ദില്ലി: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള 15 അംഗ ഇന്ത്യൻ സ്ക്വാഡിൽ നിന്ന് ജമ്മു കശ്മീർ പേസർ ആക്വിബ് നബിയെ ഒഴിവാക്കിയതിനെതിരെ ഉയർന്ന ശക്തമായ വിമര്‍ശനങ്ങൾക്കൊടുവിൽ ബിസിസിഐയുടെ നിർണ്ണായക നീക്കം. ആക്വിബ് നബി നെറ്റ് ബൗളറായി ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. ജൂൺ 6-ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ ആക്വിബ് ടീമിനൊപ്പം ചേരും. ശുഭ്‌മൻ ഗില്ലാണ് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2025-26 രഞ്ജി ട്രോഫി സീസണിൽ ജമ്മു കശ്മീരിന് ചരിത്രത്തിലാദ്യമായി കന്നി കിരീടം സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് 29-കാരനായ ആക്വിബ് നബി. സീസണിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിട്ടും അക്വിബിനെ ടീമില്‍ ഉൾപ്പെടുത്താത്തതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

രഞ്ജി സീസണിൽ 12.57 ശരാശരിയിൽ 60 വിക്കറ്റുകളാണ് ആക്വിബ് എറിഞ്ഞിട്ടത്. ഇതിൽ 7 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. കരിയറിലെ 41 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 18.37 ശരാശരിയിൽ 156 വിക്കറ്റുകൾ അക്വിബ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഫോമിലായിരുന്നിട്ടും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പഞ്ചാബ് പേസർ ഗുർനൂർ ബ്രാറിനാണ് അവസരം നല്‍കിയത്. ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്സിൽ പന്തെറിയാൻ നിയോഗിച്ചിട്ടുള്ള 6 നെറ്റ് ബൗളർമാരിൽ ഒരാളായാണ് ആക്വിബിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആക്വിബിനെ 15 അംഗ പ്രധാന സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ചീഫ് സെലക്ടർ അജിത് അഗാർക്കർ വിശദീകരണം നൽകിയിരുന്നു. ആക്വിബ് നബി കഴിഞ്ഞ രണ്ട് സീസണുകളിലും ജമ്മു കശ്മീരിനായി അവിശ്വസനീയമായ പ്രകടനമാണ് നടത്തിയത്. അക്വിബിനെക്കുറിച്ച് സെലക്ഷൻ കമ്മിറ്റിയിൽ കൃത്യമായ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ ഒരു ടെസ്റ്റ് മത്സരം കളിക്കുമ്പോൾ അധികമായി കൂടുതൽ പേസർമാരെ ഉൾപ്പെടുത്തുന്നതിൽ ചില പരിമിതികളുണ്ട്. അക്വി്ബ ടീം സെലക്ഷനോട് വളരെ അടുത്തു നിൽക്കുകയായിരുന്നു, എങ്കിലും നിലവിൽ ഞങ്ങൾ തിരഞ്ഞെടുത്ത 3 പേസർമാരുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്-അഗാർക്കർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക