ചണ്ഡ‍ീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ കേരളം 227 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറിയുമായി പൊരുതിയ സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ആദ്യദിനം ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സുമായി മായങ്ക് മാര്‍ക്കണ്ഡെയും 16 റണ്‍സുമായി ഗുര്‍കീരത് മന്നുമാണ് ക്രീസില്‍. 16 റണ്‍സെടുത്ത രോഹന്‍ മര്‍വായുടെയും ഒരു റണ്ണെടുത്ത സന്‍വിര്‍ സിംഗിന്റെയും വിക്കറ്റുകളാണ് പഞ്ചാബിന് ആദ്യദിനം നഷ്ടമായത്. എം ഡി നിഥീഷാണ് കേരളത്തിനായി രണ്ട് വിക്കറ്റും വീഴ്ത്തിയത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് തുടകത്തിലെ തകര്‍ച്ചനേരിട്ടു.ജലജ് സക്സേന(0) അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങിയപ്പോള്‍ മൊഹമ്മദ് അസ്ഹറുദ്ദീന്‍(8), രോഹന്‍ പ്രേം(2) എന്നിവരും പൊടുന്നനെ പുറത്തായതോടെ കേരളം 11/3 ലേക്ക് കൂപ്പുകുത്തി. റോബിന്‍ ഉത്തപ്പയും(48) ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(12) ചേര്‍ന്ന് കേരളത്തെ 50 കടത്തി.

സ്കോര്‍ 69ല്‍ നില്‍ക്കെ റോബിന്‍ ഉത്തപ്പയും, 72ല്‍ സച്ചിന്‍ ബേബിയും, 89ല്‍ വിഷ്ണു വിനോദും വീണതോടെ കേരളം 100 കടക്കില്ലെന്ന് തോന്നിച്ചു. എന്നാല്‍ അക്ഷയ് ചന്ദ്രനെ(28) കൂട്ടുപിടിച്ച് സല്‍മാന്‍(91 നോട്ടൗട്ട്)നിസാര്‍ നടത്തിയ ചെറുത്തുനില്‍പ്പ് കേരളത്തെ 200 കടത്തി. അവസാന വിക്കറ്റില്‍ എം ഡി നിഥീഷിനെ(0) ഒരറ്റത്ത് നിര്‍ത്തി സല്‍മാന്‍ നിസാര്‍ 39 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പഞ്ചാബിനായി സിദ്ധാര്‍ത് കൗള്‍, വല്‍തേജ് സിംഗ്, വിനയ് ചൗധരി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.