രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് സ്കോര്‍ 100 കടന്നതിന് പിന്നാലെ അഹമ്മദ് ഇമ്രാന്‍റെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രക്കെതിരെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡെടുത്ത് കേരളം. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്. 29 റണ്‍സോടെ അങ്കിത് ശര്‍മയും 40 റണ്‍സുമായി ബാബാ അപരാജിതും ക്രീസില്‍. ഒരു ഘട്ടത്തില്‍ 136-5 എന്ന സ്കോറിലേക്ക് തകര്‍ന്ന കേരളത്തെ ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് ലീഡ് സമ്മാനിച്ചത്. അ‍ഞ്ച് വിക്കറ്റ് ശേഷിക്കെ കേരളത്തിനിപ്പോള്‍ 29 റണ്‍സിന്‍റെ ലീഡുണ്ട്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് സ്കോര്‍ 100 കടന്നതിന് പിന്നാലെ അഹമ്മദ് ഇമ്രാന്‍റെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്.10 റണ്‍സെടുത്ത അഹമ്മദ ഇമ്രാനെ സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ടാണ് പുറത്താക്കിയത്. അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നിന്ന രോഹന്‍ കുന്നുമ്മലിനെ(80) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ചിരാഗ് ജാനി കേളത്തിന് അടുത് പ്രഹരമേല്‍പിച്ചു. പിന്നാലെ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനെ(0) പൂജ്യത്തിന് മടക്കിയ ഉനദ്ഘട്ട് കേരളത്തെ 136-5ലേക്ക് തള്ളിയിട്ട് പ്രതിരോധത്തിലാക്കിയെങ്കിലും അപരാജിത്-അങ്കിത് ശര്‍മ സഖ്യം കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു. സീസണില്‍ ആദ്യമാണ് കേരളം എതിരാളികള്‍ക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നത്. സൗരാഷ്ട്രക്കായി ഉനഗ്ഘട്ടും ഹിടേൻ കാന്‍ബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മികച്ച ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിംഗ്സിലും സൗരാഷ്ട്രയെ പ്രതിരോധത്തിലക്കാനാവും കേരളത്തിന്‍റെ ശ്രമം.

ഇന്നലെ ഓപ്പണര്‍ ആകര്‍ഷിന്‍റെയും(18) മുന്‍ ക്യാപ്റ്റൻ സച്ചിന്‍ ബേബിയുടെയും(1) വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായിരുന്നു. രോഹന്‍ കുന്നുമ്മലിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ആകര്‍ഷ് പുറത്തായത്. ആദ്യ മൂന്ന് കളികളില്‍ രണ്ട് സമനിലയും ഒരു ഇന്നിംഗ്സ് തോല്‍വിയും വഴങ്ങിയ കേരളത്തിന് സൗരാഷ്ട്രക്കെതിരെ മികച്ച വിജയം അനിവാര്യമാണ്.

ആറാടി നിധീഷ്

ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയെ തുടക്കം മുതല്‍ ബാക്ക് ഫൂട്ടിലാക്കിയായിരുന്നു കേരളം തുടങ്ങിയത്.ആറ് വിക്കറ്റെടുത്ത എം ഡി നീധീഷിന്‍റെയും മൂന്ന് വിക്കറ്റെടുത്ത ബാബാ അപരാജിതിന്‍റെയും ബൗളിംഗ മികവിലാണ് സൗരാഷ്ട്രയെ കേരളം 160 റണ്‍സിന് പുറത്താക്കിയത്. 84 റണ്‍സെടുത്ത ജേ ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. തുടക്കത്തിലെ 7/3 എന്ന സ്കോറില്‍ തകര്‍ന്ന സൗിരാഷ്ട്രയെ ഗോഹിലും 23 റണ്‍സെടുത്ത ഗജ്ജര്‍ സമ്മറും ചേര്‍ന്നായിരുന്നു 100 കടത്തിയത്.കേരളത്തിനായി എം ഡി നിധീഷ് 13 ഓവറില്‍ 20 റണ്‍സിന് ആറ് വിക്കറ്റെടുത്തപ്പോള്‍ ബാബാ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റുമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക