ക്രിക്കറ്റും ഫുട്ബോളും മാത്രമല്ല കളരിയും കരാട്ടെയും റോളർ സ്കേറ്റിങ്ങുമെല്ലാമുണ്ട്. ചെസ്സ്, യോഗ, ബാഡ്മിന്‍റണ്‍ തുടങ്ങി ഇൻഡോർ കളിക്കളങ്ങളും തയ്യാർ.
കണ്ണൂര്‍: കണ്ണൂരിന്‍റെ കായിക ഭൂപടത്തിൽ പുതുചരിത്രം കുറിക്കുകയാണ് കേളകം.മലയോര ജനതയുടെ കായിക സ്വപ്നങ്ങൾക്ക് നിറം ചാർത്തുന്നൊരു ചുവടുവയ്പ്പ്. എല്ലാ വാർഡുകളിലും കളിക്കളങ്ങളുളള രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്തെന്ന നേട്ടത്തിലേക്കടുക്കുകയാണ് കണ്ണൂർ കേളകം പഞ്ചായത്ത്. 13 വാർഡുകളിലായി 26 കളിക്കളങ്ങളാണ് കേളകത്തൊരുങ്ങിയത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കളിക്കളം.
ക്രിക്കറ്റും ഫുട്ബോളും മാത്രമല്ല കളരിയും കരാട്ടെയും റോളർ സ്കേറ്റിങ്ങുമെല്ലാമുണ്ട്. ചെസ്സ്, യോഗ, ബാഡ്മിന്‍റണ്‍ തുടങ്ങി ഇൻഡോർ കളിക്കളങ്ങളും തയ്യാർ. നിലവിലുളളവ നവീകരിച്ചും പുറമ്പോക്കുകളിൽ പുതിയ ഗ്രൗണ്ടുകൾ നിർമ്മിച്ചുമായിരുന്നു തുടക്കം. ജനകീയ മുന്നേറ്റത്തിന് ആരാധനാലയങ്ങളും സ്കൂളുകളും സ്വകാര്യവ്യക്തികളുമെല്ലാം ഇടം നൽകി.
ലഹരി കളിക്കളങ്ങളോടായ ചെറുപ്പം നേട്ടങ്ങളുമെത്തിച്ചു. കേളകത്ത് പരിശീലിച്ച അഞ്ജലി കെ ജോർജ് ദേശീയ റോവിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി. രണ്ടുവർഷം മുൻപ് ആരംഭിച്ച പദ്ധതിവഴി സംസ്ഥാന തലത്തിലേക്കും കുട്ടികളെത്തി. കുട്ടികളുടെ പരിശീലനത്തിനൊപ്പം പ്രായമുളളവരേയും കളിക്കളത്തിലേക്ക് എത്തിക്കുകയാണ് അടുത്തലക്ഷ്യം. മാതൃകയാണ് കളിക്കളങ്ങളിലൂടെ സാമൂഹിക മുന്നേറ്റമെന്ന കേളകം മോഡൽ.


