രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഇത്തവണയും കരുത്തരായ എതിരാളികള്‍; നോക്കൗട്ടിലെത്താൻ പാടുപെടും
ഒക്ടോബര്‍ 18ന് മുന്‍ ചാമ്പ്യൻമാരായ കര്‍ണാടകക്കെതിരെ ആണ് കേരളത്തിന്‍റെ രണ്ടാം മത്സരം.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഇത്തവയും കരുത്തരായ എതിരാളികള്‍. പഞ്ചാബും ഹരിയാനയും കര്‍ണാടകയും ബംഗാളും എല്ലാം ഉള്‍പ്പെടുന്ന സി ഗ്രൂപ്പിലാണ് കേരളം ഇത്തവണ ഇടം പിടിച്ചിരിക്കുന്നത്.ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ പഞ്ചാബാണ് കേരളത്തിന്‍റെ ആദ്യ എതിരാളികള്‍.ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും അടക്കമുള്ള താരങ്ങള്‍ പഞ്ചാബിനായി കളിക്കാനിറങ്ങിയാല്‍ കേരളത്തിന് വെല്ലുവിളിയാകും.
ഒക്ടോബര്‍ 18ന് മുന്‍ ചാമ്പ്യൻമാരായ കര്‍ണാടകക്കെതിരെ ആണ് കേരളത്തിന്‍റെ രണ്ടാം മത്സരം. ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവരെല്ലാം കര്‍ണാടക നിരയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മൂന്നാം മത്സരത്തില്‍ ബംഗാളും നാലാം മത്സരത്തിൽ ഉത്തര്‍പ്രദേശുമാണ് കേരളത്തിന്‍റെ എതിരാളികള്‍.
ഹരിയാന, നിലവിലെ റണ്ണറപ്പുകളായ മധ്യപ്രദേശ് ടീമുകളെയും കേരളം തടര്‍ന്നുള്ള മത്സരങ്ങളില്‍ നേരിടണം.ജനുവരിയില്‍ നടക്കുന്ന മത്സരത്തില്‍ നേരിടാനുള്ള ബിഹാര്‍ മാത്രമാണ് കേരളത്തിന് കുറച്ചെങ്കിലും ദുര്‍ബല എതിരാളികളായുള്ളത്.കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലിറങ്ങിയ കേരളത്തിന് ഒരു ജയം മാത്രമാണ് നേടാനായത്.സഞ്ജു സാംസണ്‍ തന്നെ കേരളത്തെ നയിക്കുമെന്ന് കരുതുന്ന ടൂര്‍ണമെന്‍റില്‍ പുതിയ പരിശീലകന് കീഴിലാവും കേരളം ഇറങ്ങുക എന്നാണ് കരുതുന്നത്.
കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന വെങ്കിട്ടരമണ വ്യക്തിപരമായ കാരണങ്ങളാല്‍ ഈ സീസണില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുതിയ പരിശലീകനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ മുന്‍ ഓസീസ് പേസറും പാകിസ്ഥാന്‍ പരിശീലകനുമായിരുന്ന ഷോണ്‍ ടെയ്റ്റ് ഉള്‍പ്പെടെ 10 പേർ അപേക്ഷിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇത്തവൻ രഞ്ജി ട്രോഫി മത്സരങ്ങള്‍ രണ്ട് ഘട്ടമായാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങള്‍ ഒക്ടോബര്‍ മുതലും നോക്കൗട്ട് മത്സരങ്ങള്‍ ഫെബ്രുവരിയിലുമാണ് നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക