ആദ്യ ഇന്നിഗ്സില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി തിളങ്ങിയ ഇഷാന്‍ കിഷന്‍ ജാര്‍ഖണ്ഡിനായി ഓപ്പണറായി ക്രീസിലെത്തിയെങ്കിലും 17 പന്തില്‍ 22 റണ്‍സെടുത്ത ഇഷാന്‍റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ വൈശാഖ് ചന്ദ്രന്‍ കേരളത്തിന് ആഗ്രഹിച്ച തുടക്കം നല്‍കി.

റാഞ്ചി: ര‍ഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ജാര്‍ഖണ്ഡിന് 323 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്ത കേരളം നാലാം ദിനം അതിവേഗം സ്കോര്‍ ചെയ്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സടിച്ച് ഇംന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 323 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ജാര്‍ഖണ്ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. സൗരഭ് തിവാരിയും(18 പന്തില്‍ 26), ക്യാപ്റ്റന്‍ വിരാട് സിംഗും(4)ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ജാര്‍ഖണ്ഡിന് ജയത്തിലേക്ക് 253 റണ്‍സ് കൂടി വേണം

ആദ്യ ഇന്നിഗ്സില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി തിളങ്ങിയ ഇഷാന്‍ കിഷന്‍ ജാര്‍ഖണ്ഡിനായി ഓപ്പണറായി ക്രീസിലെത്തിയെങ്കിലും 17 പന്തില്‍ 22 റണ്‍സെടുത്ത ഇഷാന്‍റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ വൈശാഖ് ചന്ദ്രന്‍ കേരളത്തിന് ആഗ്രഹിച്ച തുടക്കം നല്‍കി. നാസിം(17), കുമാര്‍ സുരാജ്(0) എന്നിവരുടെ വിക്കറ്റുകളാണ് ജാര്‍ഖണ്ഡിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ആദ്യ ഇന്നിംഗ്സില്‍ 97 റണ്‍സടിച്ച സൗരഭ് തിവാരിയിലാണ് ജാര്‍ഖണ്ഡിന്‍റെ വിജയപ്രതീക്ഷ. അതേസമയം ജാര്‍ഖണ്ഡിന്‍റെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ വൈശാഖ് ചന്ദ്രനാണ് കേരളത്തിനായി ബൗളിംഗില്‍ തിളങ്ങിയത്.

കുല്‍ദീപിന് അഞ്ച് വിക്കറ്റ്, ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, രണ്ടാം ഇന്നിംഗ്സില്‍ നല്ല തുടക്കം

ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ക്രീസിലിറങ്ങിയ കേരളം അതിവേഗം സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചതോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഓപ്പണര്‍ രോഹന്‍ പ്രേം 86 പന്തില്‍ 74 റണ്‍സുമായി തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 9 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. സച്ചിന്‍ ബേബി(13), അക്ഷയ് ചന്ദ്രന്‍(15), ജലജ് സക്സേന(23), ഷോണ്‍ റോജര്‍(28) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം കേരളത്തിന് നഷ്ടമായത്. രോഹന്‍ കുന്നുമേലിന്‍റെ(6) വിക്കറ്റ് കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു. സിജോമോന്‍ ജോസഫ്(9) പുറത്താകാതെ നിന്നു.

ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് മത്സരം സമനിലയായാലും മൂന്ന് പോയന്‍റ് ലഭിക്കുമെങ്കിലും വിജയം മാത്രം ലക്ഷ്യമിട്ടാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ധീരമായ ഡിക്ലറേഷന്‍ നടത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ 36 ഓവറിലാണ് കേരളം 187 റണ്‍സടിച്ചത്. ജാര്‍ഖണ്ഡിനായി ഷഹബാസ് നദീം അഞ്ച് വിക്കറ്റെടുത്തു.