നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ ഓപ്പണര്‍ പി രാഹുല്‍ (0), ജലജ് സക്സേന(8), രോഹന്‍ പ്രേം(1), വത്സല്‍ ഗോവിന്ദ്(1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടക്കത്തിലെ 19-4ലേക്ക് കൂപ്പുകുത്തിയ കേരളത്തെ അഞ്ചാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്ത സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും ചേര്‍ന്നാണ് 100 കടത്തിയത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറി കരുത്തില്‍ സര്‍വീസസിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം 19-4 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞെങ്കിലും ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 254-6 എന്ന ഭേദപ്പെട്ട നിലയിലാണ്. 133 റണ്‍സുമായി സച്ചിന്‍ ബേബിയും 29 റണ്‍സോടെ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും ക്രീസില്‍. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 74 റണ്‍സെടുത്തിട്ടുണ്ട്.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ ഓപ്പണര്‍ പി രാഹുല്‍ (0), ജലജ് സക്സേന(8), രോഹന്‍ പ്രേം(1), വത്സല്‍ ഗോവിന്ദ്(1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടക്കത്തിലെ 19-4ലേക്ക് കൂപ്പുകുത്തിയ കേരളത്തെ അഞ്ചാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്ത സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും ചേര്‍ന്നാണ് 100 കടത്തിയത്. 115 റണ്‍സില്‍ നില്‍ക്കെ സല്‍മാന്‍ നിസാറിനെ(42) നഷ്ടമായെങ്കിലും അക്ഷയ് ചന്ദ്രന്‍(32) സച്ചിന്‍ ബേബിക്ക് മികച്ച പിന്തുണ നല്‍കിയതോടെ കേരളത്തിന് പ്രതീക്ഷയായി. സ്കോര്‍ 180ല്‍ നില്‍ക്കെ അക്ഷയ് ചന്ദ്രനെ വീഴ്ത്തി രജത് പലിവാള്‍ കേരളത്തിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സിജോമോനും സച്ചിന്‍ ബേബിയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ കേരളത്തെ ആദ്യ ദിനം 254 റണ്‍സിലെത്തിച്ചു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് രഞ്ജിയില്‍ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുമായി പൃഥ്വി ഷാ

രോഹന്‍ കുന്നുമേലിനെ പുറത്തിരുത്തിയാണ് കേരളം ഇന്നിറങ്ങിയത്. രാഹുലിനൊപ്പം ജലജ് സക്സേനയാണ് കേരളത്തിനായി ഇന്ന് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. മൂന്നാം ഓവറില്‍ തന്നെ കേരളത്തിന് ജലജ് സക്സേനയെ നഷ്ടമായി. എട്ട് റണ്‍സെടുത്ത സക്സേനയെ ദ്വിവേഷ് ഗുരുദേവ് പത്താനിയ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടു പിന്നാലെ രാഹുലിനെയും കേരളത്തിന് നഷ്ടമായി. ഫോമിലുള്ള രോഹന്‍ പ്രേമില്‍ കേരളം പ്രതീക്ഷവെച്ചെങ്കിലും ഒരു റണ്‍സെടുത്ത രോഹനെ പി എസ് പൂനിയ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ ഷോണ്‍ റോജറിന് പകരം ടീമിലെത്തിയ വത്സല്‍ ഗോവിന്ദിനെ(1) പത്താനിയ വീഴ്ത്തിയതോടെയാണ് കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. സര്‍വീസസിനായി പതാനിയയും പൂനിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രഞ്ജി ട്രോഫി ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് തോറ്റതോടെ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. നാലു കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി 19 പോയന്‍റുള്ള കര്‍ണാടകയാണ് ഗ്രൂപ്പില്‍ ഒന്നാമത്. നാലു കളികളില്‍ ഒരു ജയവും മൂന്ന് സമനിലയുമായി 14 പോയന്‍റുള്ള രാജസ്ഥാന്‍ രണ്ടാമതാണ്. നാലു കളികളില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള കേരളം 13 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്.