ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സൗരാഷ്ട്രക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. റണ്ണെടുക്കും മുമ്പെ ഹര്‍വിക് ദേശായിയെ നിധീഷ് രോഹന്‍ കുന്നുമ്മല്ലിന്‍റെ കൈകളിലേക്ക് പറഞ്ഞയച്ചു.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സില്‍ 160 റണ്‍സിന് പുറത്ത്. 84 റണ്‍സെടുത്ത ജേ ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. തുടക്കത്തിലെ 7/3 എന്ന സ്കോറില്‍ തകര്‍ന്ന സൗരാഷ്ട്രയെ ഗോഹിലും 23 റണ്‍സെടുത്ത ഗജ്ജര്‍ സമ്മറും ചേര്‍ന്നാണ് 100 കടത്തിയത്. കേരളത്തിനായി എം ഡി നിധീഷ് ആറ് വിക്കറ്റെടുത്തപ്പോള്‍ ബാബാ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റുമെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

തകര്‍ന്നു തുടങ്ങി, പിന്നെ തകര്‍ന്നടിഞ്ഞു

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സൗരാഷ്ട്രക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. റണ്ണെടുക്കും മുമ്പെ ഹര്‍വിക് ദേശായിയെ നിധീഷ് രോഹന്‍ കുന്നുമ്മല്ലിന്‍റെ കൈകളിലേക്ക് പറഞ്ഞയച്ചു. ചിരാഗ് ജാനിയും ജേ ഗോഹിലും ചേര്‍ന്ന് പിന്നീട് അഞ്ചോവര്‍ പിടിച്ചു നിന്നെങ്കിലും ആറാം ഓവറില്‍ ചിരാഗ് ജാനിയെ ആകര്‍ഷിന്‍റെ കൈകളിലത്തിച്ച് നിധീഷ് രണ്ടാം പ്രഹരമേല്‍പ്പിച്ചു. പിന്നാലെ എ വി വാസവദയെ(0) ഗോള്‍ഡന്‍ ഡക്കാക്കിയ നിധീഷ് ഹാട്രിക്കിന് അടുത്തെത്തി.

7-3 എന്ന സ്കോറില്‍ പതറിയ സൗരാഷ്ട്രയെ ജേ ഗോഹില്‍ ഒറ്റക്ക് കരകയറ്റി. മറുവശത്ത് 47 പന്ത് നേരിട്ട് 13 റണ്‍സെടുത്ത പ്രേരക് മങ്കാദ് പിടിച്ചു നിന്നതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സൗരാഷ്ട്ര 50 കടന്നു. എന്നാല്‍ സ്കോര്‍ 76ല്‍ നില്‍ക്കെ പ്രേരക് മങ്കാദിനെ(13) മടക്കിയ നിധീഷ് തന്നെ കൂട്ടുകെട്ട് പൊളിച്ചു. 69 റണ്‍സാണ് പ്രേരങ്ക് മങ്കാദും ഗോഹിലും ചേര്‍ന്ന് നാവാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. പിന്നാലെ ക്രീസിലെത്തിയ അന്‍ഷ് ഗോസായിയെ(1) ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ച നിധീഷ് അഞ്ച് വിക്കറ്റ് തികച്ചതോടെ സൗരാഷ്ട്ര കൂട്ടത്തകര്‍ച്ചയിലായി. ഗജ്ജാര്‍ സമ്മറിനെ(23)കൂട്ടുപിടിച്ച് ജേ ഗോഹില്‍ സൗരാഷ്ട്രയെ 100 കടത്തിയെങ്കിലും ജേ ഗോഹിലിനെ(84) പുറത്താക്കി ഏദന്‍ ആപ്പിള്‍ ടോം കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ ഗജ്ജര്‍ സമ്മറിനെ(23) ബാബാ അപരാജിത് മടക്കി. ധര്‍മേന്ദ്രസിംഗ് ജഡേജയെ കൂടി വീഴ്ത്തിയ ബാബാ അപരാജിത് സൗരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. 16 റണ്‍സെടത്ത ഉനദ്ഘട്ടിനെ വീഴ്ത്തി നിധീഷ് ആറ് വിക്കറ്റ് തികച്ചപ്പോള്‍ ഹിറ്റെൻ കൻബിയെ പുറത്താക്കി ബാബാ അപരാജിത് സൗരാഷ്ട്ര ഇന്നിംഗ്സ് അവസാനിപ്പിച്ചു. കേരളത്തിനായി എം ഡി നിധീഷ് 13 ഓവറില്‍ 20 റണ്‍സിന് ആറ് വിക്കറ്റെടുത്തപ്പോള്‍ ബാബാ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റുമെടുത്തു.