ട്രിനിഡാഡ്: ക്രിക്കറ്റില്‍ ഹെലികോപ്റ്റര്‍ ഷോട്ട് അവതരിപ്പിച്ചത് എം എസ് ധോണിയാണ്. ഓഫ് സ്റ്റംപിന് പുറത്തെറിയുന്ന പന്തിനെ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ പറത്തുന്ന ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിന് ഒട്ടേറെ ആരാധകരുമുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചത്  അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കാണാനുള്ള അവസരവും ഇല്ലാതാതാക്കിയെന്ന ആരാധകരുടെ സങ്കടത്തിനിടെ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ പുതിയ വേര്‍ഷനുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍  ബാര്‍ബഡോസ് ട്രൈഡന്റ്സിനായി ബാറ്റിംഗിനിറങ്ങിയ റാഷിദ് ഖാന്‍ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസിന്റെ അല്‍സാരി ജോസഫിനെതിരെയാണ് ഹെലികോപ്റ്റര്‍ ഷോട്ടിന്റെ രണ്ടാം പതിപ്പ് അവതരിപ്പിച്ചത്. അല്‍സാരി ജോസഫ് എറിഞ്ഞ മത്സരത്തിന്റെ പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തിലാണ് റാഷിദ് ഹെലികോപ്റ്റര്‍ ഷോട്ടിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്താണ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ അനുസ്മരിപ്പിച്ച് റാഷിദ് ഖാന്‍ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ അതിര്‍ത്തി കടത്തിയത്. മത്സരത്തില്‍ റാഷിദ് നേരിട്ട ആദ്യ പന്തായിരുന്നു ഇത്.

റാഷിദ് ഖാന്്‍ ക്രീസിലെത്തുമ്പോള്‍ 14.4 ഓവറില്‍ 116/8 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയായിരുന്നു ബാര്‍ബ‍ഡോസ്. 20 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റാഷിദിന്റെ മികവില്‍ ബാര്‍ബഡോസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ സെന്റ് കിറ്റ്സിന് 20 ഓവറില്‍ 147 റണ്‍സെ നേടാനായുള്ളു. ബാറ്റിംഗിനൊപ്പം ബൗളിംഗിലും തിളങ്ങിയ റാഷിദ് ഖാന്‍ നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.