Asianet News MalayalamAsianet News Malayalam

ടെസ്റ്റില്‍ പുതിയ ചരിത്രം കുറിച്ച് അഫ്ഗാന്‍; ബംഗ്ലാദേശിന് നാണക്കേട്

ടെസ്റ്റിലെ ആദ്യ ജയം സ്വന്തമാക്കിയതിലൂടെ ടെസ്റ്റ് ജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡും റാഷിദ് ഖാന് സ്വന്തമായി.

Rashid Khan stars Afghanistan Test triumph over Bangladesh
Author
Chittagong, First Published Sep 9, 2019, 5:48 PM IST

ചിറ്റഗോങ്: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ 224 റണ്‍സിന്റെ വമ്പന്‍ ജയവുമായി അഫ്ഗാന്‍ ടെസ്റ്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ആറ് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് ബംഗ്ലാദേശിനെ കറക്കി വീഴ്ത്തിയത്. സ്കോര്‍ അഫ്ഗാന്‍ 342, 260, ബംഗ്ലാദേശ് 205, 173.

ആറ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ക്രീസിലെത്തിയ ബംഗ്ലാദേശിന് അധികം ആയുസുണ്ടായില്ല. 173 റണ്‍സിന് ബംഗ്ലാദേശ് പുറത്തായി. 49 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത റാഷിദ് ഖാനും മൂന്ന് വിക്കറ്റെടുത്ത സാഹിര്‍ ഖാനുമാണ് രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. 44 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ റാഷിദ് മത്സരത്തിലാകെ 11 വിക്കറ്റ് സ്വന്തമാക്കി. റാഷിദ് തന്നെയാണ് കളിയിലെ താരം.

ടെസ്റ്റിലെ ആദ്യ ജയം സ്വന്തമാക്കിയതിലൂടെ ടെസ്റ്റ് ജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡും റാഷിദ് ഖാന് സ്വന്തമായി. ഇതിന് പുറമെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ 10 വിക്കറ്റ് നേട്ടവും അര്‍ധസെഞ്ചുറിയും കുറിക്കുന്ന ആദ്യ നായകനുമായി റാഷിദ് ഖാന്‍. അഫ്ഗാന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയപ്പോള്‍ ബംഗ്ലാദേശിന്റെ പേരില്‍ നാണംകെട്ട റെക്കോര്‍ഡുമായി. ടെസ്റ്റ് കളിക്കുന്ന പത്ത് രാജ്യങ്ങള്‍ക്കെതിരെയും തോല്‍ക്കുന്ന ആദ്യ ടീമെന്ന നാണക്കേടാണ് ബംഗ്ലാദേശിന്റെ പേരിലായത്.

Follow Us:
Download App:
  • android
  • ios