ബംഗലൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ടബ്രൈസ് ഷംസി ഷൂ ഊരി ചെവിയില്‍വെച്ച് ഫോണ്‍ ചെയ്യുന്നതുപോലെ വിക്കറ്റ് ആഘോഷിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സഹതാരം വാന്‍ഡെര്‍ ഡസ്സന്‍. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പുറത്താക്കിയശേഷമായിരുന്നു ഷംസി കാലിലെ ഷൂ ഊരി ചെവിയില്‍വെച്ച് ഫോണ്‍ ചെയ്യുന്നതുപോലെ വിക്കറ്റ് വീഴ്ച ആഘോഷിച്ചത്.

വിക്കറ്റെടുക്കുന്നതിന് തൊട്ടു മുമ്പ്  ഷംസിയെറിഞ്ഞ ഒവറില്‍ ധവാന്‍ തുടര്‍ച്ചയായി രണ്ട് തവണ സിക്സര്‍ പറത്തിയിരുന്നു. എന്നാല്‍ ഷംസിയുടെ രണ്ടാം ഓവറില്‍ വീണ്ടും സിക്സറിന് ശ്രമിച്ച ധവാന് പിഴച്ചു. ധവാന്‍ പുറത്തായതിന് പിന്നാലെ കാലിലെ ഷൂ ഊരി ഷംസി ചെവിയില്‍വെച്ച് ഫോണ്‍ ചെയ്യുന്നതുപോലെ കാണിച്ചു.

Also Read: ക്രിക്കറ്റില്‍ ഇതിലും വലിയ ബാറ്റിംഗ് തകര്‍ച്ച സ്വപ്നങ്ങളില്‍ മാത്രം-വീഡിയോ

മത്സരശേഷം ദക്ഷിണാഫ്രിക്കന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ വാന്‍ഡെര്‍ ഡസ്സനാണ് ഈ വിജയാഘാഷത്തിന് പിന്നിലെ രഹസ്യം പരസ്യമാക്കിയത്. വിക്കറ്റെടുത്തതിലെ സന്തോഷം തന്റെ ഹീറോ ആയ മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറുമായി പങ്കുവെക്കുകയായിരുന്നു ഷംസിയെന്ന് വാന്‍ഡെര്‍ ഡസ്സന്‍ പറഞ്ഞു. കളിക്കുന്ന കാലത്ത് ഇമ്രാന്‍ താഹിറും സമാനമായ രീതിയില്‍ വിക്കറ്റ് ആഘോഷം നടത്തിയിട്ടുണ്ട്.