Asianet News MalayalamAsianet News Malayalam

അതൊന്നും ചിന്തിക്കേണ്ട; ടി20 ലോകകപ്പില്‍ വിജയിക്കാന്‍ ടീം ഇന്ത്യക്ക് മന്ത്രം പറഞ്ഞുകൊടുത്ത് രവി ശാസ്‌ത്രി

ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീം ഇതിനകം ഓസ്ട്രേലിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പെര്‍ത്താണ് ഇന്ത്യന്‍ ടീമിന്‍റെ ആദ്യ ബേസ് ക്യാമ്പ്.

Ravi Shastri gives winning mantra to Team India in T20 World Cup 2022
Author
First Published Oct 7, 2022, 2:30 PM IST

പെര്‍ത്ത്: ടി20 ലോകകപ്പിന്‍റെ ആവേശത്തിലേക്ക് ദിനങ്ങളുടെ മാത്രം അകലമേയുള്ളൂ. ഇതിനകം ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം ആദ്യ പരിശീലന മത്സരത്തിന് തിങ്കളാഴ്‌ച ഇറങ്ങും. ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഇന്ത്യക്ക് അപ്രതീക്ഷിത പ്രഹരമായെങ്കിലും കപ്പുയര്‍ത്താനുള്ള തന്ത്രം രോഹിത് ശര്‍മ്മയ്‌ക്കും കൂട്ടാളികള്‍ക്കും പറഞ്ഞുകൊടുത്തിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. 

ബുമ്രയുടെ പരിക്ക് അപ്രതീക്ഷിതമായിരുന്നു. ഏറെ മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നു. എന്നാല്‍ മറ്റ് താരങ്ങള്‍ക്ക് അവസരത്തിനൊത്ത് ഉയരാനുള്ള സമയമാണിത്. പരിക്കിനെ നമുക്കൊന്നും ചെയ്യാനില്ല. നമ്മുടേത് മികച്ച ടീമാണെന്നും കരുത്തുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. സെമിയിലെത്തിയാല്‍ ഏത് ടീമിനും സാധ്യതയുണ്ട്. മികച്ച തുടക്കം നേടുക, സെമിയിലെത്തുക. എന്നാല്‍ ലോകകപ്പ് നേടാന്‍ സാധ്യത തുറന്നുവരും. ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ടീമിലില്ലാ എന്ന് എല്ലാവര്‍ക്കുമറിയാം. അത് ടീമിന് പ്രതിബന്ധമാണ്. എന്നാല്‍ പുതിയ ചാമ്പ്യന്‍മാരെ കണ്ടെത്താനുളള സുവര്‍ണാവസരമാണിത് എന്നും രവി ശാസ്‌ത്രി പറഞ്ഞതായി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍‌ഫോ റിപ്പോര്‍ട്ട് ചെയ്‌തു. ബുമ്രക്ക് പകരക്കാരനായി മുഹമ്മദ് ഷമി പ്രധാന സ്‌ക്വാഡിലെത്തിയാല്‍ അത് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് മുന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ കൂട്ടിച്ചേര്‍ത്തു. 

ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീം ഇതിനകം ഓസ്ട്രേലിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിക്കാത്തതിനാല്‍ 14 താരങ്ങളാണ് ഓസ്ട്രേലിയയില്‍ എത്തിയത്. ബുമ്രയുടെ പകരക്കാരനെ അടുത്തയാഴ്‌ച പ്രഖ്യാപിക്കും. പരിചയസമ്പന്നനായ മുഹമ്മദ് ഷമിക്കാണ് മുന്‍തൂക്കം. പെര്‍ത്താണ് ഇന്ത്യന്‍ ടീമിന്‍റെ ആദ്യ ബേസ് ക്യാമ്പ്. ശനിയാഴ്‌ച ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പരിശീലന സെഷന് ഇറങ്ങും. 10, 13 തിയതികളില്‍ പെര്‍ത്തില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ ഇലവനുമായി രണ്ട് പരിശീലന മത്സരങ്ങള്‍ രോഹിത് ശര്‍മ്മയും സംഘവും കളിക്കും. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.

സഞ്ജു യുവിയെ പോലെ ആറ് സിക്‌സറുകളടിക്കാന്‍ കഴിവുള്ളവന്‍, അവസാന ഓവറില്‍ ഞാന്‍ ഭയന്നു: ഡെയ്‌ല്‍ സ്റ്റെയ്‌ന്‍

Follow Us:
Download App:
  • android
  • ios