ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഗില്ലിന്‍റെ പ്രകടനം ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാനെ അനുസ്മരിപ്പിച്ചുവെന്ന് രവി ശാസ്ത്രി പറഞ്ഞു.

ബര്‍മിംഗ്‌ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗിൽ പുറത്തെടുത്ത പ്രകടനത്തെ വാഴ്ത്തി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 269ഉം രണ്ടാം ഇന്നിംഗ്സില്‍ 161ഉം റണ്‍സുമടക്കം 430 റണ്‍സടിച്ച ഗില്‍ റെകക്കോര്‍ഡിട്ടിരുന്നു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഗില്ലിന്‍റെ പ്രകടനം ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാനെ അനുസ്മരിപ്പിച്ചുവെന്ന് രവി ശാസ്ത്രി പറഞ്ഞു. ഗില്ലിന്‍റെ ക്യാപ്റ്റന്‍സിക്ക് പത്തില്‍ പത്ത് മാര്‍ക്ക് നല്‍കുന്നുവെന്നും രവി ശാസ്ത്രി ചാനല്‍ ചര്‍ച്ചക്കിടെ വ്യക്തമാക്കി. ഒരു ക്യാപ്റ്റനില്‍ നിന്ന് നിങ്ങള്‍ക്ക് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനോ പ്രതീക്ഷിക്കാനോ കഴിയില്ല. പ്രത്യേകിച്ച് പരമ്പരയില്‍ 0-1ന് പിന്നില്‍ നില്‍ക്കുമ്പോള്‍. ക്രീസിലെത്തിയശേഷം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെ പോലെ ബാറ്റ് ചെയ്ത ഗില്‍ ആദ്യ ഇന്നിംഗ്സില്‍ 269ഉം രണ്ടാം ഇന്നിംഗ്സില്‍ 161 റണ്‍സാണ് നേടിയത്.

Scroll to load tweet…

ആദ്യ ടെസ്റ്റില്‍ ഗില്ലിന്‍റെ ക്യാപ്റ്റൻസി സാഹചര്യങ്ങളോട് പ്രതികരിക്കുന്നതായിരുന്നെങ്കില്‍ രണ്ടാം ടെസ്റ്റില്‍ അത് സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന തലത്തിലേക്ക് മാറി. ഇംഗ്ലീഷ് സാഹചര്യങ്ങളിലെ ഏറ്റവും മികച്ച സീമറെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചുവെന്നതും എടുത്തുപറയേണ്ടതാണ്. ഗില്ലിനെ ആദ്യമായി കണ്ടപ്പോൾ തന്നെ അവന്‍റെ പ്രകടനം ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ നെറ്റ്സില്‍ ഗില്‍ ഇന്ത്യയുടെ ത്രോ ഡൗണ്‍ സ്പെഷലിസ്റ്റായ രഘുവിനെതിരെ കാഴ്ചവെച്ച പ്രകടനം എനിക്കിപ്പോഴും ഓര്‍മയുണ്ട്. 160 കിലോ മീറ്റര്‍ വേഗതയുള്ള അതിവേഗ പന്തുകള്‍ കൊണ്ട് ഇന്ത്യൻ ബാറ്റര്‍മാരെ വെള്ളംകുടിപ്പിക്കാറുള്ള രഘുവിന്‍റെ ബൗണ്‍സറുകളെ ഗില്‍ അനായാസും അടിച്ചു തകര്‍ക്കുന്നതാണ് ഞാന്‍ കണ്ടത്.

കോലിയല്ലാതെ മറ്റൊരു ഇന്ത്യൻ താരവും ഇത്തരത്തില്‍ പുള്‍ ഷോട്ടുകള്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കോലിക്കുശേഷം ഗില്ലിലാണ് അത് കാണുന്നത്. അത് കണ്ടപ്പോഴെ അതാരണെന്ന് ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിനോട് ഞാന്‍ അന്വേഷിച്ചിരുന്നു. അവനെ എത്രയും വേഗം ടീമിലെടുക്കണമെന്നും. കാരണം, സച്ചിന്‍റെ പ്രതിഭയെയും കോലിയുടെ മികവിനെയും കണ്ടെത്തിയതുപോലെ ഗില്ലിലും എനിക്കത് കാണാനായി. സെലക്ടര്‍മാരുമായി സംസാരിച്ച് അവനെ ടീമിലെടുക്കുകയും ചെയ്തു. അതിനുശേഷം അവന്‍ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ലെന്നും അതാണ് യഥാര്‍ത്ഥ ക്ലാസ് എന്നും രവി ശാസ്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക