മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇംഗ്ലണ്ടില്‍ ലോകകപ്പിനിടെയാണ് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കം വന്‍ വാര്‍ത്താപ്രധാന്യം നേടിയത്. എന്നാല്‍ കോലി- രോഹിത് പോര് വെറും കെട്ടുകഥ മാത്രമാണ് എന്നാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്‌ത്രിയുടെ പ്രതികരണം. 

'കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ ടീമിന്‍റെ ഡ്രസിംഗ് റൂമിലുണ്ട് താന്‍. അവര്‍ എങ്ങനെയാണ് കളിക്കുന്നതെന്നും അവരുടെ വര്‍ക്ക് എത്തിക്‌സും നന്നായി അറിയാം. കോലി- രോഹിത് പോരിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വെറും വിഡ്‌ഢിത്തം മാത്രമാണ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കില്‍ ലോകകപ്പില്‍ രോഹിത് എന്തിനാണ് അഞ്ച് സെഞ്ചുറികള്‍ നേടിയത്. വിരാട് എന്തിനാണ് തന്‍റെ ജോലി ഭംഗിയായി ചെയ്‌തത് എന്നും' ഒരു അഭിമുഖത്തില്‍ ശാസ്‌ത്രി ചോദിച്ചു. 

രോഹിത് ശര്‍മ്മയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുന്‍പ് കോലി വ്യക്തമാക്കിയിരുന്നു. രോഹിതുമായി പ്രശ്‌നങ്ങളുണ്ട് എന്ന വാര്‍ത്ത തന്നെ ഞെട്ടിക്കുന്നു എന്നായിരുന്നു എന്ന് കോലിയുടെ പ്രതികരണം. നുണകളാണ് നമ്മള്‍ സ്വീകരിക്കുന്നത്. എല്ലാ നല്ല കാര്യങ്ങളോടും കണ്ണടയ്‌ക്കുന്നു, പ്രചരിക്കുന്നത് എല്ലാം സങ്കല്‍പങ്ങള്‍ മാത്രമാണ് എന്നും കോലി തുറന്നുപറഞ്ഞിരുന്നു.