വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിന്നാലെ കെ എല്‍ രാഹുലിന് പിന്തുണയുമായി കോച്ച് രവി ശാസ്ത്രിയും. രാഹുല്‍ വിക്കറ്റ് കീപ്പറാവുന്നതോടെ ഒരു ബാറ്റ്‌സ്മാനെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം കോലി അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ പരിശീലകന്‍ രവി ശാസ്ത്രിയും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. 

രാഹുല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നാണ് ശാസ്ത്രി നല്‍കുന്ന സൂചന. അദ്ദേഹം തുടര്‍ന്നു... ''നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റിനുപിന്നില്‍ രാഹുലിന് കൂടുതല്‍  അവസരം നല്‍കാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഒരു ബാറ്റ്‌സ്മാനെ കൂടുതലായി ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ടീമില്‍ മറ്റൊരു ഓപ്ഷന്‍ ഉണ്ടാവുന്നത് ഗുണം ചെയ്യും.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി. പരിക്ക് കാരണം ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്പരയില്‍ നഷ്ടമായത് നിരാശയുണ്ടാക്കുന്നതായും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 

ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരങ്ങളില്‍ രാഹുല്‍ വിക്കറ്റ് കീപ്പറായേക്കുമെന്ന സൂചനയാണ് ശാസ്ത്രി നല്‍കുന്നത്. അങ്ങനെയെങ്കില്‍ ഋഷഭ് പന്തിന് പുറത്തിരിക്കേണ്ടിവരും. നേരത്തെ കോലിയും രാഹുലിനെ കീപ്പറാക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ഓസ്ട്രേലിക്കതിരായ ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളിലും കീപ്പറായത് രാഹുലായിരുന്നു. പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമായിരുന്നു രാഹുലിന്റേത്.