ഒരിക്കല്‍ മുഹമ്മദ് ഷമിയെ ദേഷ്യം പിടിപ്പിച്ചപ്പോള്‍ സംഭവിച്ച കാര്യം ഓര്‍ത്തെടുക്കുകയാണ് മുന്‍ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി.
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം അംഗങ്ങള്‍. വെള്ളിയാഴ്ച ലീഡ്സിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ജസ്പ്രീത് ബുമ്ര നയിക്കുന്ന ഇന്ത്യൻ പേസ് നിരയില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാവുന്നത് പേസര്‍ മുഹമ്മദ് ഷമിയാണ്. ഐപിഎല്ലില്‍ നിറം മങ്ങിയതും ഫിറ്റ്നെസ് വീണ്ടെടുക്കാനാവാഞ്ഞതുമാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് ഷമിയെ പരിഗണിക്കാതിരിക്കാന്‍ കാരണമായത്.
എന്നാല്‍ ഒരിക്കല്‍ മുഹമ്മദ് ഷമിയെ ദേഷ്യം പിടിപ്പിച്ചപ്പോള്‍ സംഭവിച്ച കാര്യം ഓര്‍ത്തെടുക്കുകയാണ് മുന്‍ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി ഇപ്പോള്‍. ജൊഹാനസ്ബര്‍ഗില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിലായിരുന്നു ആ സംഭവമെന്ന് രവി ശാസ്ത്രി സോണി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും തോറ്റ് ഇന്ത്യ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെടുന്നതിന്‍റെ വക്കിലായിരുന്നു. ആ മത്സരത്തില്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ 100 റണ്‍സ് മാത്രം മതിയായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍.
മത്സരത്തിന്‍റെ അവസാന ദിനം ലഞ്ച് സമയത്ത് ഒരു ഫുള്‍ പ്ലേറ്റ് ബിരിയാണിയുമായി ഇരിക്കുന്ന മുഹമ്മദ് ഷമിയെ ആണ് ഞാന്‍ കണ്ടത്. അത് കണ്ടപ്പോള്‍ ഞാനവനോട് ചോദിച്ചു, വിക്കറ്റെടുക്കാനുള്ള വിശപ്പൊക്കോ പോയോ എന്ന്. അതുകേട്ട് ഷമി എനിക്ക് ബിരായാണി വേണ്ടെന്ന് ദേഷ്യത്തോടെ പറഞ്ഞ് പ്ലേറ്റ് മാറ്റിവെച്ചു. അതിനുശേഷം ഞാന്‍ ബൗളിംഗ് കോച്ചായിരുന്ന ഭരത് അരുണിന് അടുത്തെത്തി പറഞ്ഞു, ഷമി ദേഷ്യത്തിലാണ്. അവന്‍റെ ദേഷ്യം അടങ്ങാന്‍ സമ്മതിക്കരുത്. അവന്‍ എന്തെങ്കിലും പറഞ്ഞ് വന്നാല്‍ ആദ്യം വിക്കറ്റെടുക്ക് എന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞാല്‍ മതിയെന്ന്.
എന്നാല്‍ ലഞ്ചിനുശേഷം ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ കണ്ടത് മറ്റൊരു ഷമിയെയായിരുന്നു. മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി ഇന്ത്യക്ക് 63 റണ്‍സിന്‍റെ അവിസ്മരണീയ വിജയം സമ്മാനിച്ചു. 33 റണ്‍സെടുക്കുന്നതിനിടെയായിരുന്നു ദക്ഷിണാഫ്രിക്കക്ക് അവസാന ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അവസാനം വീണ അഞ്ചില്‍ നാലു വിക്കറ്റും വീഴ്ത്തിയത് ഷമിയായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു. ഷമിയുടെ ദേഷ്യത്തെ പ്രകടനത്തിലേക്ക് വഴിതിരിച്ചുവിട്ടതാണ് മത്സരത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചതെന്ന് ബൗളിംഗ് കോച്ചായിരുന്ന ഭരത് അരുണ്‍ പറഞ്ഞു.


