ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപനങ്ങളില്‍ സ്‌പിന്നര്‍ ആര്‍ അശ്വിനെ ഏറെ ആകര്‍ഷിച്ചത് ഒരു യുവ ബാറ്ററാണ്

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്‍റി 20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഏറെ സസ്‌പെന്‍സും ട്വിസ്റ്റും നിറഞ്ഞതായിരുന്നു ടീം പ്രഖ്യാപനം. ടി20 ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി പുറത്തായപ്പോള്‍ അദേഹത്തെ ഏകദിന ടീമിലേക്ക് മടക്കിവിളിച്ചത് ശ്രദ്ധേയമായി. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും വൈറ്റ്ബോൾ ഫോര്‍മാറ്റിൽ വിശ്രമം അനുവദിച്ചപ്പോൾ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായി.

ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപനങ്ങളില്‍ സ്‌പിന്നര്‍ ആര്‍ അശ്വിനെ ഏറെ ആകര്‍ഷിച്ചത് ഒരു യുവ ബാറ്ററാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള സായ് സുദര്‍ശനാണ് ആദ്യമായി ഏകദിന ടീമിലേക്ക് ക്ഷണം കിട്ടിയത്. സായ്‌ക്കൊപ്പം സഞ‌്ജു സാംസണ്‍, രജത് പടീധാര്‍, റിങ്കു സിംഗ് തുടങ്ങിയ ബാറ്റര്‍മാരും ഏകദിന ടീമിലുണ്ട്. സായ് സുദര്‍ശനെ ടീമിലെടുത്തതിന്‍റെ ത്രില്ലിലാണ് താനെന്ന് രവിചന്ദ്രന്‍ അശ്വിന്‍ ട്വീറ്റ് ചെയ്‌തു. സായ്‌യെ ടീമിലെടുത്ത തീരുമാനം സെലക്ടര്‍മാരുടെ മികച്ചതാണെന്നും അശ്വിന്‍ കുറിച്ചു. 

Scroll to load tweet…

ഐപിഎല്‍ 2023 സീസണില്‍ മിന്നും ഫോമില്‍ ബാറ്റ് ചെയ്‌ത താരമാണ് സായ് സുദര്‍ശന്‍. ഇപ്പോള്‍ ഇരുപത്തിരണ്ട് വയസ് മാത്രമാണ് താരത്തിന് പ്രായം. ഗുജറാത്ത് ടൈറ്റന്‍സിനായി 2022ലെ അരങ്ങേറ്റ സീസണില്‍ 5 കളികളില്‍ 127.19 സ്ട്രൈക്ക് റേറ്റിലും 36.25 ശരാശരിയിലും 145 റണ്‍സ് നേടിയപ്പോള്‍ പുറത്താവാതെ നേടിയ 65 ആയിരുന്നു ഉയര്‍ന്ന സ്കോര്‍. 2023 സീസണിലാവട്ടെ 137.03 പ്രഹരശേഷിയിലും 46.09 ശരാശരിയിലും 507 റണ്‍സ് അടിച്ചുകൂട്ടി ശ്രദ്ധ നേടി. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന്‍റെ ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍ കൂടിയാണ് സായ്. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ്മ, രജത് പടീധാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍. 

Read more: രോഹിത്തും കോലിയും ടെസ്റ്റിന് മാത്രം! സഞ്ജു ഏകദിന ടീമില്‍; മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് രണ്ടുപേര്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം