വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 249 റൺസ് പ്രതിരോധിക്കാൻ കഴിയാതെ പോയതിന് പിന്നാലെ ഇന്ത്യൻ ബൗളിംഗ് നിരയെ വിമർശിച്ച് ആർ അശ്വിൻ. ടീമിൽ ആവശ്യത്തിന് ക്വാളിറ്റിയുള്ള ബൗളർമാരില്ലെന്നും ബുംറയെ മാത്രം ആശ്രയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 249 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയാതെ പോയതിന് പിന്നാലെ, ഇന്ത്യന്‍ ബൗളിംഗ് നിരയുടെ ആഴത്തെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ത്തി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഉന്നത നിലവാരമുള്ള ബൗളര്‍മാരെ വളര്‍ത്തിയെടുക്കാന്‍ ടീം മാനേജ്മെന്റ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജസ്പ്രിത് ബുംറയെപ്പോലൊരു മാച്ച് വിന്നറുടെ സാന്നിധ്യത്തെ മാത്രം ആശ്രയിച്ചാകരുത് ടീമിന്റെ തന്ത്രങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച റാഞ്ചിയില്‍ നടന്ന രണ്ടാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന് തോറ്റതിന് പിന്നാലെ തന്റെ യൂട്യൂബ് ചാനലിലാണ് അശ്വിന്‍ സംസാരിച്ചത്. ''ഞാന്‍ ബൗളര്‍മാരെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് നമ്മുടെ ബൗളിംഗില്‍ ആവശ്യത്തിന് ക്വാളിറ്റിയില്ല എന്നതാണ് സത്യം. അത് വികസിപ്പിച്ചെടുക്കുന്നതില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടുമില്ല. അതുകൊണ്ടാണ് ഉയര്‍ന്ന നിലവാരമുള്ള ബൗളര്‍മാര്‍ വരാനുള്ള സാധ്യത കുറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പന്തെറിയാന്‍ ബുദ്ധിയും കളിയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള ധാരണയും ആവശ്യമാണ്. അത് ബൗളര്‍മാരെ പഠിപ്പിച്ചെടുക്കാന്‍ നമ്മള്‍ സമയം ചെലവഴിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്നത്തെ മത്സരത്തില്‍ അത് കുറച്ചുകൂടി കുറവായിരുന്നുവെന്ന് എനിക്ക് തോന്നി.'' അശ്വിന്‍ വ്യക്തമാക്കി.

38.3 ഓവറില്‍ 501 റണ്‍സ് പിറന്ന മത്സരത്തിലായിരുന്നു ഇന്ത്യയുടെ തോല്‍വി. സഞ്ജു സാംസണ്‍ (41 പന്തില്‍ 82), തിലക് വര്‍മ്മ (18 പന്തില്‍ 44) എന്നിവരുടെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ 249/5 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. എന്നാല്‍ ഷായ് ഹോപ്പ് (45 പന്തില്‍ പുറത്താകാതെ 102), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് (37 പന്തില്‍ 84) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 18.3 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 252/4 എന്ന സ്‌കോറിലെത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 120 റണ്‍സാണ് റണ്‍ചേസിന്റെ ഗതി മാറ്റിയതും അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കിയതും.

YouTube video player