മഴ കാരണം ഒരു പന്തും പോലും എറിയാതെ ഉപേക്ഷിച്ച കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത് വിവാദമായി. ഇന്ത്യന്‍ ടീം സമ്മാനദാന ചടങ്ങ് ബഹിഷ്കിച്ചു.
ധാക്ക: മഴ കാരണം ഒരു പന്തും പോലും എറിയാതെ ഉപേക്ഷിച്ച കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത് വിവാദമായി. ഇന്ത്യന്‍ ടീം സമ്മാനദാന ചടങ്ങ് ബഹിഷ്കിച്ചു. നിയമപ്രകാരം ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കണമെന്ന ടെക്നിക്കല്‍ കമ്മിറ്റിയുടെ ആദ്യ തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ ടീമിന്റെ പ്രതിഷേധം.
പാക്കിസ്ഥാനെ ഏകപക്ഷീയമായി വിജയികളായി പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്നും ഇന്ത്യന്‍ ടീമിനെ സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കണമെന്നും ഇന്ത്യയുടെ കാഴ്ചപരിമിതര്‍ക്കുള്ള ക്രിക്കറ്റ് അസോസിയേഷന് (സിഎബിഐ) ആവശ്യപ്പെട്ടു. വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ (ഡബ്ല്യു ബി സി സി) പ്രസിഡന്റും പാക്കിസ്ഥാന് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ (പി ബി സി സി) മേധാവിയുമായ സയ്യിദ് സുല്‍ത്താന്‍ ഷാ ടെക്നിക്കല്‍ കമ്മിറ്റിയുടെ തീരുമാനം അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണം ഗൗരവമേറിയതാണ്.
മഴ കാരണം ഫൈനല്‍ ഉപേക്ഷിച്ചപ്പോള്‍ ടൂര്‍ണമെന്റ് നിയമാവലിയിലെ സെക്ഷന്‍ 27 പ്രകാരം ഇന്ത്യയെയും പാക്കിസ്ഥാനെയെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കാന്‍ ഡബ്ല്യു ബി സി സി ടെക്നിക്കല്‍ കമ്മിറ്റി ആദ്യം തീരുമാനിച്ചു. എന്നാല്‍, സുല്‍ത്താന്‍ ഷാ ഇടപെട്ട് ഈ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സി എ ബി ഐ ചൂണ്ടിക്കാട്ടുന്നത്. നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള പാക്കിസ്ഥാനെ ചാമ്പ്യന്മാരാക്കാനുള്ള തീരുമാനം അട്ടിമറി നീക്കമാണെന്ന് ഇന്ത്യ ആരോപിച്ചു. കാഴ്ചപരിമിതരുടെ ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ സമിതിയായ ഡബ്ല്യു ബി സി സിയുടെ അധ്യക്ഷസ്ഥാനവും പാക്കിസ്ഥാന് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷസ്ഥാനവും ഒരേ സമയം കൈയ്യാളുന്ന സു്ല്ത്താന്ഷാ അധികാര ദുര്‍വിനിയോഗമാണ് നടത്തിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യന്‍ ടീമും ഒഫിഷ്യലുകളും.
ഇന്ത്യയെ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഭാവിയില്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനുമായി കളിക്കില്ലെന്ന മുന്നറിയിപ്പ് ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ (സിഎബിഐ) ജനറല്‍ സെക്രട്ടറി ശൈലേന്ദ്രയാദവും പ്രസിഡന്റ് മഹന്തേഷ് ജി കെയും മുന്നറിയിപ്പ് നല്കി.
നവംബര്‍ 18ന് നടന്ന സെമിഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ബംഗ്ലാദേശ് 124 റണ്‍സ് ലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ സുനില്‍ രമേശിന്റെ ബാറ്റിംഗ് മികവില്‍ (പുറത്താകാതെ 63) ഇന്ത്യ 13.2 ഓവറില്‍ ജയിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 179 റണ്‍സിനും ഇന്ത്യ തകര്‍ത്തിരുന്നു.
2025 ലെ പുരുഷ ഐ സി സി ഏഷ്യാ കപ്പ് ഫൈനലിലും 2026 ലെ വനിതാ ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യ ജേതാക്കളായപ്പോള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയില് നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന 2025 ല്‍ അദ്ദേഹം ട്രോഫിയുമായി വേദി വിട്ടത് വലിയ വിവാദമായിരുന്നു. 2026 ല്‍ ഔദ്യോഗിക ട്രോഫി വിതരണം നടത്തിയില്ല. ഈ സംഭവങ്ങളെ പാക്കിസ്ഥാന്റെ ട്രോഫി അടിച്ചുമാറ്റലായിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ട്രോളുന്നത്. ആ നിരയിലേക്ക് കാഴ്ചപരിമിതരുടെ ക്രിക്കറ്റിലെ സംഭവവും ചേര്‍ക്കപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP













