തുടര്‍ച്ചയായ 1,151 ദിവസങ്ങള്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ഓള്‍റൗണ്ടറായി തുടരുന്ന ജഡേജ, ജാക്വസ് കാലിസ്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍ തുടങ്ങിയ ഇതിഹാസങ്ങളെ മറികടന്നു.

ദുബായ്: ഐസിസി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന താരമായിരിക്കുകയാണ് ജഡേജ. തുടര്‍ച്ചയായ 1,151 ദിവസങ്ങള്‍ അദ്ദേഹം ഒന്നാം നമ്പര്‍ ടെസ്റ്റ് ഓള്‍റൗണ്ടറായി തുടരുകയാണ്. ജാക്വസ് കാലിസ്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍ തുടങ്ങിയ ഇതിഹാസങ്ങളെ മറികടക്കാന്‍ ജഡേജയ്ക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച ജഡേജ 29.27 ശരാശരിയില്‍ 527 റണ്‍സ് നേടി. അതേസമയം, 24.29 ശരാശരിയില്‍ 48 വിക്കറ്റുകളും വീഴ്ത്തി.

2022 മാര്‍ച്ചില്‍ ജഡേജ ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നേടുന്നതുവരെ വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. നിലവില്‍ 400 പോയിന്റാണ് ജഡേജയ്ക്ക്. 36 വയസ്സ് തികഞ്ഞിട്ടും, ജഡേജയുടെ തുടര്‍ച്ചയായ മികവ് അദ്ദേഹത്തിന്റെ ഫിറ്റ്‌നെസിന്റെ കൂടി തെളിവാണ്. 

ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍

രവീന്ദ്ര ജഡേജ (ഇന്ത്യ) - 400 പോയിന്റ്
മെഹിദി ഹസന്‍ മിറാസ് (ബംഗ്ലാദേശ്) - 327 
മാര്‍ക്കോ ജാന്‍സന്‍ (ദക്ഷിണാഫ്രിക്ക) - 294 
പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ) - 271 
ഷാക്കിബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്) - 253
ജേസണ്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്) - 249
ജോ റൂട്ട് (ഇംഗ്ലണ്ട്)  247 - 
ഗസ് ആറ്റ്കിന്‍സണ്‍ (ഇംഗ്ലണ്ട്) - 240
ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്) - 235 
ക്രിസ് വോക്‌സ് (ഇംഗ്ലണ്ട്) - 225