സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പന്ത് കൈയിന്‍റെ തള്ളവിരലില്‍ കൊണ്ട  ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ജഡേജയുടെ തള്ളവിരല്‍ സ്ഥാനം തെറ്റിയെന്നും എല്ലില്‍ പൊട്ടലുണ്ടാവാനുളള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് വ്യക്തമാക്കി. സ്കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചാലെ പരിക്കിന്‍റെ ഗൗരവം വ്യക്തമാകൂ.

ഇന്ത്യന്‍ ഇന്നിംഗ്സിലെ 99-ാം ഓവറിലാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ കളിക്കാനുള്ള  ശ്രമത്തിനിടെ ജഡേജയുടെ ഇടംകൈയിലെ ഗ്ലൗസില്‍ കൊണ്ടത്. റീപ്ലേകളില്‍ പന്ത് ജഡേജയുടെ ഇടത് തള്ളവിരലിലാണ് കൊണ്ടതെന്ന് വ്യക്തമായിരുന്നു. ഫിസിയോയുടെ സഹായം തേടി ബാന്‍ഡേജിട്ട് ജഡേജ ബാറ്റിംഗ് തുടര്‍ന്ന ജഡേജ അവസാന ബാറ്റ്സ്മാനായ മുദമ്മദ് സിറാജിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

ഓസീസ് ലീഡ് 100ല്‍ താഴെയാക്കി കുറക്കുന്നതില്‍ ജഡേജയും സിറാജും നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ സിറാജ് പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു. പിന്നീട് ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഫീല്‍ഡിംഗിന് ഇറങ്ങാതിരുന്ന ജഡേജയെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.

ബൗള്‍ ചെയ്യാന്‍ ജഡേജ ഇല്ലാതിരുന്നത് ഇന്ത്യന്‍ ബൗളിംഗിനെ കാര്യമായി ബാധിക്കുകയും ചെയ്തു. ജഡേജയുടെ പകരക്കാരനായ മായങ്ക് അഗര്‍വാളാണ് ഫീല്‍ഡിംഗിന് ഇറങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റു വീഴ്ത്തിയ ജഡേജ സ്റ്റീവ് സ്മിത്തിനെ ബുള്ളറ്റ് ത്രോയിലൂടെ റണ്ണൗട്ടാക്കുകയും ചെയ്തിരുന്നു.