ജഡേജ പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കളിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വാര്‍ത്തകളുണ്ടായിരുന്നു. സ്വന്തം നാട്ടില്‍ നിന്നുള്ള ടീമായതുകൊണ്ടുതന്നെ ടീമിനെ നയിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി ഗുജറാത്ത് ടീമിനെയിറക്കി.

ചെന്നൈ: രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി വഴിപിരിഞ്ഞെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യം ഇരുവരും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ജഡേജ ഫ്രാഞ്ചൈസിയുമായി അത്ര സുഖകരമായിട്ടല്ല മുന്നോട്ടുപോകുന്നത്. ചെന്നൈയ്‌ക്കൊപ്പമുള്ള എല്ലാ ഫോട്ടോയും ജഡേജ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കളഞ്ഞിരുന്നു. മറ്റൊരു ഫ്രാഞ്ചൈസിയിലേക്കാണ് ജഡേജ ഇപ്പോള്‍ ശ്രമിക്കുന്നത്. ജഡേജ പോവാന്‍ സാധ്യതയുള്ള മൂന്ന് ഫ്രാഞ്ചൈസികള്‍ നോക്കാം...

ഗുജറാത്ത് ടൈറ്റന്‍സ്

ജഡേജ പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കളിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വാര്‍ത്തകളുണ്ടായിരുന്നു. സ്വന്തം നാട്ടില്‍ നിന്നുള്ള ടീമായതുകൊണ്ടുതന്നെ ടീമിനെ നയിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി ഗുജറാത്ത് ടീമിനെയിറക്കി. എന്നാല്‍ ഇനിയും അദ്ദേഹത്തിന് ഗുജറാത്തിന് വേണ്ടി കളിക്കാന്‍ അവസരമുണ്ട്. ഓഫര്‍ വന്നാല്‍ ജഡേജയ്ക്ക് നിരസിക്കാനാവില്ല. സായ് കിഷോറിന് പകരം ടീമില്‍ കളിക്കാനും ജഡേജയ്ക്ക് സാധിക്കും. മാത്രമല്ല വിജയ് ശങ്കര്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നീ താരങ്ങള്‍ പോവാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക്കും ജഡേജയും ഐപിഎല്ലിലും ഒരുമിക്കുന്നത് കാണാം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

നിലവില്‍ നാല് ഓള്‍റൗണ്ടര്‍മാര്‍ ലഖ്‌നൗവിനുണ്ട്. ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ജേസണ്‍ ഹോള്‍ഡര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ഇതില്‍ രണ്ട് പേരെ ഒഴിവാക്കിയാല്‍ ജഡേജയെ സ്വന്തമാക്കാനുള്ള തുക ലഭിക്കും. ജഡേജ തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടിയാണെന്നിരിക്കെ താരത്തിന്റെ ടീമിന് ഗുണം ചെയ്യും.

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പ്രശ്‌നം ഒരു ഫിനിഷറില്ലെന്നാണ്. ആര്‍ അശ്വിനെ ഫിനിഷറായി ഉപയോഗിക്കേണ്ട അവസ്ഥ രാജസ്ഥാനുണ്ടായി. ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍ എന്നിവരെ കൂടുതലായി ആശ്രയിക്കേണ്ടിവന്നു. ജഡേജയെ ടീമിലെത്താന്‍ ഫിനിഷിംഗിലെ പ്രശ്‌നം പരിഹരിക്കാന്‍ രാജസ്ഥാന് സാധിക്കും. ജഡേജ ഐപിഎല്‍ തുടങ്ങിയത് രാജസ്ഥാനൊപ്പമായിരുന്നു. ഷെയ്ന്‍ വോണ്‍, മനോജ് ബദലെ എന്നിവരാണ് ജഡേജയെ വളര്‍ത്തിയെടുത്തത്.