സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത, പ്രത്യേകിച്ചും മറ്റ് പോസ്റ്റുകൾക്ക് അപൂർവ്വമായി മാത്രം മറുപടി നൽകാറുള്ള ജഡേജയുടെ പ്രതികരണം ആരാധകര്‍ ഏറ്റെടുത്തു.
രാജ്കോട്ട്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ബിസിസിഐയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ പ്രതികരണവമായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പടിയിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ജഡേജയുടെ വൈറൽ പ്രതികരണം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.
സെലക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ബിസിസിഐ എക്‌സിൽ പങ്കുവെച്ച പോസ്റ്റിന് താഴെ, അപേക്ഷിക്കാനുള്ള നടപടിക്രമം എന്താണ്? 🤣" എന്നായിരുന്നു ജഡേജയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത, പ്രത്യേകിച്ചും മറ്റ് പോസ്റ്റുകൾക്ക് അപൂർവ്വമായി മാത്രം മറുപടി നൽകാറുള്ള ജഡേജയുടെ പ്രതികരണം ആരാധകര്‍ ഏറ്റെടുത്തു. തമാശ രൂപേണയാണ് ജഡേജയുടെ പ്രതികരണമെങ്കിലും ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തു.
അഗാർക്കറും ജഡേജയും തമ്മിൽ പരസ്യമായി ഭിന്നതകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, അഗാർക്കർ ചീഫ് സെലക്ടറായിരുന്ന കാലത്ത് ടി20, ഏകദിന ടീമുകളിൽ യുവതാരങ്ങൾക്ക് മുൻഗണന നൽകുന്ന നയമാണ് സ്വീകരിച്ചിരുന്നത്. 2024-ൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കുമൊപ്പം ജഡേജയും ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. തുടർന്ന് 2024-ൽ നടന്ന ശ്രീലങ്കൻ പര്യടനത്തിലെയും 2025-ലെ ഓസ്‌ട്രേലിയൻ പരമ്പരയിലെയും ഏകദിന ടീമുകളിൽ നിന്ന് ജഡേജയെ അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയിരുന്നു.
ജഡേജ ടീമിന്‍റെ പദ്ധതികളുടെ ഭാഗമാണെന്ന് അഗാർക്കർ വിശദീകരിച്ചിരുന്നെങ്കിലും, ടീം മാനേജ്‌മെന്‍റിന്‍റെയും സെലക്ടർമാരുടെയും തീരുമാനങ്ങളിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് മുൻപ് നൽകിയ അഭിമുഖങ്ങളിൽ ജഡേജ സൂചിപ്പിച്ചിരുന്നു. അഗാർക്കറുടെ രാജിക്ക് പിന്നാലെ ബിസിസിഐ പങ്കുവെച്ച പോസ്റ്റിന് താഴെ ചിരിക്കുന്ന ഇമോജിയോടെ ജഡേജ നൽകിയ പരിഹാസ രൂപത്തിലുള്ള മറുപടി, സെലക്ഷൻ കമ്മിറ്റിയോടുള്ള പരോക്ഷമായ അമർഷമാണെന്നാണ് ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും വിലയിരുത്തൽ.
ബി.സി.സി.ഐയുടെ നിലവിലെ വിരുദ്ധ താല്‍പര്യ ചട്ടങ്ങൾ അനുസരിച്ച് സജീവ ക്രിക്കറ്റില്‍ തുടരുന്ന ഒരു കളിക്കാരന് ഭരണപരമായോ സെലക്ഷൻ കമ്മിറ്റിയിലോ സ്ഥാനങ്ങൾ വഹിക്കാൻ കഴിയില്ല. ചീഫ് സെലക്ടർ പദവിയിലേക്ക് അപേക്ഷിക്കുന്ന വ്യക്തി സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പൂർത്തിയായിരിക്കണമെന്നാണ് നിബന്ധന.
