പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ലീഗിലെ ഏറ്റവും മൂല്യമേറിയ ടീമായും മാറി. 2486 കോടി രൂപ ബ്രാന്‍ഡ് മൂല്യവുമായി മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും ആര്‍സിബി മറികടന്നു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇക്കുറി ഇറങ്ങുന്നത് നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന തലയെടുപ്പോടെ മാത്രമല്ല. ലീഗിലെ ഏറ്റവും മൂല്യമേറിയ ടീം എന്ന തിളക്കവും ഇത്തവണ ആര്‍സിബിക്കുണ്ട്. പതിനെട്ട് വര്‍ഷത്തെ കാത്തിപ്പ് അവസാനിപ്പ് ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മൂല്യത്തിലുണ്ടായത് വന്‍വര്‍ധന. അഞ്ചുതവണ വീതം കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും മറികടന്നാണ് ആര്‍സിബി പണത്തിളക്കത്തില്‍ ഒന്നാമത് എത്തിയത്.
പ്രമുഖ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ പുതിയ കണക്കനുസരിച്ച് 2486 കോടി രൂപയാണ് ആര്‍സിബിയുടെ ബ്രാന്‍ഡ് മൂല്യം. വിരാട് കോലിയുടെ സാന്നധ്യവും ആരാധകപിന്തുണയുമാണ് ബെംഗളൂരുവിന്റെ മൂല്യം ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ സ്മതി മന്ദാനയും ആര്‍സിബിയുടെ ഭാഗമാണ്. മാത്രമല്ല വനിതാ പ്രീമിയര്‍ ലീഗിലും ആര്‍സിബിയാണ് നിലവിലെ ചാമ്പ്യന്മാര്‍. സ്പിരിറ്റ് നിര്‍മാണ കമ്പനിയായ ഡിയാജിയോയുടെ കീഴിലുള്ള ടീമാണ് ആര്‍സിബി.
ഫ്രാഞ്ചൈസി വില്‍ക്കാനുള്ള നടപടി ക്രമവുമായി ഡിയാജിയോ മുന്നോട്ടുപോകുന്നതിനിടെയാണ് ആര്‍സിബി വിപണിമൂല്യത്തിന് ഒന്നാമത് എത്തിയിരിക്കുന്നത്. വിപണിമൂല്യത്തില്‍ രണ്ടാംസ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ്, 2238 കോടി രൂപ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥയിലുള്ള മുംബൈ ഇന്ത്യന്‍സിന് മറ്റ് രാജ്യങ്ങളിലെ ട്വന്റി 20 ലീഗുകളിലും ഫ്രാഞ്ചൈസികളുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യവും രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പര്‍ താരങ്ങളും മുംബൈയുടെ ആരാധക പിന്തുണ ഉറപ്പാക്കുന്നു.
2172 കോടി രൂപ മൂല്യമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് മൂന്നാം സ്ഥാനത്ത്. എം.എസ്. ധോണിയാണ് ചെന്നൈയുടെ മൂല്യം ഉയര്‍ത്തുന്ന പ്രധാനഘടകം. ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ ടീമിലെത്തിയതും ടീമിന്റെ മൂല്യം ഉയര്‍ത്താന്‍ കാരണമാവും. നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 2053 കോടി രൂപ.

