കഴിഞ്ഞ വർഷം ആര്‍സിബിയുടെ കന്നി കിരീടനേട്ടത്തിന് പിന്നാലെ നടന്ന ആള്‍ക്കൂട്ട ദുരന്തത്തിൽ 11 ആരാധകരാണ് മരിച്ചത്. മരിച്ച 11 പേരോടുമുള്ള ആദര സൂചകമായി ഇന്ന് വാം അപ്പ് സമയത്ത് '11' എന്ന നമ്പറുള്ള പരിശീലന ജേഴ്സികളാകും താരങ്ങൾ ധരിക്കുക
ബെംഗളൂരു: ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരങ്ങള്‍ മത്സരത്തിനിറങ്ങുക കറുത്ത ആം ബാന്‍ഡ് ധരിച്ച്. കഴിഞ്ഞ വർഷം ടീമിന്‍റെ കിരീടനേട്ടത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട ആരാധകർക്ക് സ്മരണാഞ്ജലി അർപ്പിക്കാനായാണ് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുന്നത്. ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇരു ടീമിലെയും താരങ്ങള്‍ ഒരു മിനിറ്റ് നേരം മൗനം ആചരിക്കും.
കഴിഞ്ഞ വർഷം ആര്‍സിബിയുടെ കന്നി കിരീടനേട്ടത്തിന് പിന്നാലെ നടന്ന ആള്‍ക്കൂട്ട ദുരന്തത്തിൽ 11 ആരാധകരാണ് മരിച്ചത്. മരിച്ച 11 പേരോടുമുള്ള ആദര സൂചകമായി ഇന്ന് വാം അപ്പ് സമയത്ത് '11' എന്ന നമ്പറുള്ള പരിശീലന ജേഴ്സികളാകും താരങ്ങൾ ധരിക്കുക. സ്റ്റേഡിയത്തിലെ 11 സീറ്റുകൾ ആർസിബി കുടുംബത്തിന്‍റെ ഭാഗമായ ആ ആരാധകർക്കായി എക്കാലത്തേക്കും ഒഴിച്ചിടും. 2025 ജൂണിലെ ദുരന്തത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഐസിസി വനിതാ ഏകദിന ലോകകപ്പ്, മഹാരാജ ട്രോഫി തുടങ്ങിയ ടൂർണമെന്‍റുകൾ സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിനും വേദിയാകാൻ ചിന്നസ്വാമിക്ക് സാധിച്ചിരുന്നില്ല.
എന്നാൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയെത്തുടർന്ന് കർണാടക മന്ത്രിസഭ കഴിഞ്ഞ ഫെബ്രുവരിയിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ അനുമതി നൽകുകയായിരുന്നു. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുമായി കര്‍ണാടക ക്രിക്കറ്റ് അശോസിയേഷൻ വൈസ് പ്രസിഡന്‍റ് സുജിത് സോമസുന്ദർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്ലേ ഓഫ് ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് പച്ചക്കൊടി ലഭിച്ചത്.
മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൽ വൻതോതിലുള്ള സുരക്ഷാ പരിഷ്കാരങ്ങളാണ് വരുത്തിയിരിക്കുന്നത്. പുറത്തേക്കുള്ള ഗേറ്റുകളുടെ വീതി കൂട്ടി.അത്യാധുനിക മെഡിക്കൽ എമർജൻസി സംവിധാനങ്ങൾ ഒരുക്കി. മഹേശ്വർ റാവുവിന്‍റെ നേതൃത്വത്തിലുള്ള സമിതി പരിശോധനകൾ പൂർത്തിയാക്കിയതോടെ 33,000 കാണികളെയും ഉൾക്കൊള്ളിച്ച് കളി നടത്താൻ സ്റ്റേഡിയത്തിന് അനുമതി ലഭിച്ചിരുന്നു.
