Asianet News MalayalamAsianet News Malayalam

കത്തിക്കയറി കിംഗ് കോലി, വെടിക്കെട്ട് ഫിനിഷിംഗുമായി കാർത്തിക്; പഞ്ചാബിനെ വീഴ്ത്തി ആര്‍സിബിക്ക് ആദ്യ ജയം

49 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ദിനേശ് കാര്‍ത്തിക്ക് 10 പന്തില്‍ 28 റണ്‍സുമായി ഫിനിഷ് ചെയ്തപ്പോള്‍ മഹിപാല്‍ ലോമ്രോര്‍ എട്ട് പന്ത് പന്തില്‍17 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

RCB vs PBKS, IPL 2024 Royal Challengers Bengaluru beat Punjab Kings by 6 wickets
Author
First Published Mar 25, 2024, 11:29 PM IST

ബെംഗലൂരു: ഐപിഎല്ലില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് ആദ്യ ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ നാലു പന്ത് ബാക്കി നിര്‍ത്തി പഞ്ചാബ് കിംഗ്സിനെ നാലു വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 49 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ദിനേശ് കാര്‍ത്തിക്ക് 10 പന്തില്‍ 28 റണ്‍സുമായി ഫിനിഷ് ചെയ്തപ്പോള്‍ മഹിപാല്‍ ലോമ്രോര്‍ എട്ട് പന്ത് പന്തില്‍17 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 176-7, റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു 19.4 ഓവറില്‍ 178-6.

ഒറ്റക്ക് പൊരുതി കോലി, ഫിനിഷിംഗ് ടച്ചുമായി കാര്‍ത്തിക്കും ലോമ്രോറും

പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആര്‍സിബിക്ക് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെയും(3) കാമറൂണ്‍ ഗ്രീനിനെയും(3) നഷ്ടമായെങ്കിലും വിരാട് കോലി തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ആര്‍സിബി 50 റണ്‍സിലെത്തി. ഇതില്‍ 35 റണ്‍സും കോലിയുടെ ബാറ്റില്‍ നിന്നായിരുന്നു. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വിരാട് കോലിക്കൊപ്പം രജത് പാട്ടീദാറും ക്രീസില്‍ ഉറച്ചതോടെ 10 ഓവറില്‍ 85 റണ്‍സിലെത്തിയ ആര്‍സിബി അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് കരുതി.

'ഞങ്ങൾക്കത് വിശ്വസിക്കാനായില്ല, സഞ്ജുവിന്‍റെ ആ ഷോട്ട് കണ്ട് ഞാനും റായുഡുവും മുഖത്തോട് മുഖം നോക്കി'; പത്താൻ

എന്നാല്‍ രജത് പാടീദാറിനെ പതിനൊന്നാം ഓവറില്‍ മടക്കിയ ഹര്‍പ്രീത് ബ്രാര്‍ ആര്‍സിബിയുടെ കുതിപ്പിന് ബ്രേക്കിട്ടു. തന്‍റെ അടുത്ത ഓവറില്‍ ഹ്രപ്രീത് ബ്രാര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(3) വീഴ്ത്തി ഇരട്ടപ്രഹരമേല്‍പ്പിച്ചു. വിരാട് കോലിയും അനൂജ് റാവത്തും ചേര്‍ന്ന് ആര്‍സിബിയെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന് കരുതിയെങ്കിലും ഹര്‍ഷല്‍ പട്ടേലിനെ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയ കോലി ഒടുവില്‍ ഹര്‍ഷലിന്‍റെ പന്തില്‍ വീണു. 49 പന്തില്‍ 77 റണ്‍സെടുത്ത കോലി 11 ഫോറും രണ്ട് സിക്സും പറത്തിയാണ് 77 റണ്‍സടിച്ചത്. തൊട്ടടുത്ത ഓവറില്‍ സാം കറന്‍ അനൂജ് റാവത്തിനെ(11) വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ആര്‍സിബി തോല്‍വി മുന്നില്‍ കണ്ടു.

എന്നാല്‍ അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും മഹിപാല്‍ ലോമറോറും 20 പന്തില്‍ 48 റണ്‍സടിച്ച് ആര്‍സിബിക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചു.  10 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും പറത്തിയ ദിനേശ് കാര്‍ത്തിക് 28 റണ്‍സുമായി പുറത്താകാതെ നിന്നപ്പള്‍ എട്ട പന്തില്‍ 17 റണ്‍സുമായി ലോമറോറും മിന്നി. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ കാഗിസോ റബാദ നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശീഖര്‍ ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ആര്‍സിബിക്കായി സിറാജ് 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാക്സ്‌വെല്‍ 29 റണ്‍സിന് രണ്ട് വിക്കറ്റും യാഷ് ദയാലും അല്‍സാരി ജോസഫും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios